രാജ്യമൊട്ടാകെയുള്ള പോസ്‌റ്റോഫീസ് നിക്ഷേപങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്നത് 9395 കോടി രൂപ... കേരളത്തിലാകട്ടെ 259 കോടിയും

രാജ്യമൊട്ടാകെയുള്ള പോസ്‌റ്റോഫീസ് നിക്ഷേപങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്നത് 9395 കോടി രൂപ. കേരളത്തിലെ പോസ്‌റ്റോഫീസ് സേവിങ്‌സ് അക്കൗണ്ടുകളിലാകട്ടെ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 259 കോടി രൂപയും. എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി മനോജ് സിന്‍ഹ രാജ്യസഭയെ അറിയിച്ചതാണിത്. ഈ തുക ഉപയോഗപ്പെടുത്തുന്നതിനായി നയമുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ 5064 പോസ്‌റ്റോഫീസുകളിലെ 79 ലക്ഷം അക്കൗണ്ടുകളിലായി 2648 കോടി രൂപയാണ് ആകെയുള്ളത്.
അതില്‍ 259 കോടിക്കാണ് അവകാശികളില്ലാത്തത്. ബംഗാളിലാണ് (1591 കോടി) ഏറ്റവും കൂടുതല്‍ തുക അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്. ഡല്‍ഹിയില്‍ 1112 കോടിയുമുണ്ട്. രാജ്യത്തെ 18.70 കോടി പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലായി 1,10,421 കോടി രൂപയാണ് നിക്ഷേപമായുള്ളത്.
ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് തപാല്‍ വകുപ്പ് കോര്‍ ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍ ബാങ്കിങ് സംവിധാനമുള്ള പോസ്‌റ്റോഫീസുകളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് ഈ സംവിധാനമുള്ള മറ്റേത് പോസ്‌റ്റോഫീസിലേക്കും പണമയക്കാന്‍ കഴിയും.
https://www.facebook.com/Malayalivartha





















