കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം

കനയ്യ കുമാറുള്‍പ്പെടെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥികളായിരുന്ന പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്. ഡല്‍ഹി പൊലീസ് മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ അന്വേഷണത്തിനൊടുവില്‍ ഞായറാഴ്ചയാണ് ഇവര്‍ക്കെതിരെ കുറ്റപത്രം തയാറാക്കിയത്.
മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ കൂടാതെ, കാശ്മീരികളായ അഖ്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയത്.
ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കുറ്റപത്രം ഇന്ന് പാട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിക്കും.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി ഒമ്പതിന് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെ.എന്‍.യുവില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എന്നാല്‍ ജെ.എന്‍.യുവില്‍ നടന്ന പരിപാടിക്ക് അനുമതി വാങ്ങിയിരുന്നില്ല. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘത്തെ പൊലീസ് തടഞ്ഞു. അതോടെ കനയ്യ കുമാര്‍ മുന്നോട്ടു വന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha





















