ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളുമായി കൈകോര്‍ക്കുമെന്ന് ഐ.എന്‍.എല്‍

ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താന്‍ മതേതര കക്ഷികളുമായി ചേര്‍ന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു ശിവാജി നഗറിലെ ഹോട്ടല്‍ എ.ജെ. ഇന്റര്‍നാഷനലില്‍ നടന്ന ഐ.എന്‍.എല്‍ ദേശീയ നിര്‍വാഹക സമിതി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ ശക്തികളെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തലാണ് ലക്ഷ്യം. അതിനായി സമാന ചിന്താഗതിയുള്ള ഏതു പാര്‍ട്ടിയുമായും കൈകോര്‍ക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും പിന്തുണക്കും. കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പം അടിയുറച്ച് പ്രവര്‍ത്തിക്കും. കേരളത്തിലെ ലോക്‌സഭ സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ പാസാക്കിയ സാമ്പത്തിക സംവരണ ബില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത ചോദ്യം ചെയ്യുന്നതാണെന്നും നിലവിലുള്ള സുപ്രീംകോടതി വിധികള്‍ക്ക് എതിരാണെന്നും യോഗം വ്യക്തമാക്കി. പാര്‍ട്ടിക്ക് അര്‍ഹിച്ച അംഗീകാരം നല്‍കിയ ഇടതുപക്ഷ മുന്നണിക്കുള്ള നന്ദി പ്രമേയത്തിലൂടെ രേഖപ്പെടുത്തി.
ദേശീയ പ്രസിഡന്റായി പ്രഫ. മുഹമ്മദ് സുലൈമാനെ വീണ്ടും തെരഞ്ഞെടുത്തു. ഉത്തര്‍പ്രദേശുകാരനായ ഫൂല്‍ ചന്ദ്ര കുറിയില്‍ ആണ് ദേശീയ വര്‍ക്കിങ് പ്രസിഡന്റ്. മുഹമ്മദ് ഇഖ്ബാല്‍ സഫര്‍ (ബിഹാര്‍), എ.ആര്‍. മില്ലി (മഹാരാഷ്ട്ര), മഖ്ബൂല്‍ ഹസന്‍ (യു.പി), കെ.എസ്. ഫക്രുദ്ദീന്‍ (കാസര്‍കോട്), നാഗാ ഹുസൈന്‍ (തമിഴ്‌നാട്), മുഹമ്മദ് ഫഹീം സിദ്ദീഖ് (തമിഴ്‌നാട്), അബ്ദുല്‍ ഖാദര്‍ ധര്‍മപുരി (തമിഴ്‌നാട്) എന്നിവരെ ദേശീയ വൈസ് പ്രസിഡന്റുമാരായി െതരഞ്ഞെടുത്തു. അഹമ്മദ് ദേവര്‍കോവില്‍ (കോഴിക്കോട്), എം.ജി.കെ. നിസാമുദ്ദീന്‍ (തമിഴ്‌നാട്), മുസമ്മില്‍ ഹുസൈന്‍ (ഡല്‍ഹി), ഗോപാല്‍ജി (യു.പി), മുഹമ്മദ് അലി ഹുസൈന്‍ (യു.പി) എന്നിവരാണ് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍. കൊല്ലം സ്വദേശി ഡോ. എ.എ. അമീനെ ദേശീയ ട്രഷററായും തെരഞ്ഞെടുത്തു. സെക്രട്ടറിമാര്‍: സര്‍ഫ്രാസ് അഹമ്മദ് (ബിഹാര്‍), സുസെപാക്യം (തമിഴ്‌നാട്).
മഖ്ബൂല്‍ ഹസന്‍, കാസിം ഇരിക്കൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍നിന്ന് സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ വി. ഹംസ ഹാജി എന്നിവര്‍ ഉള്‍പ്പെടെ പത്തു പ്രതിനിധികള്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha























