ഐ ഫോണ്‍ വാങ്ങാനായി 6 വയസുകാരനെ കൊലപ്പെടുത്തി; ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ വിട്ടുനല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയെ ബന്ദിയാക്കിയത്

തലസ്ഥാന നഗരിയില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത. വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് ആറു വയസ്സുകാരനെ തട്ടിയെടുത്ത് 17 വയസ്സുകാരന്‍ കൊലപ്പെടുത്തി. ഡല്‍ഹിയിലെ രഞ്ചിത് നഗര്‍ പ്രദേശത്താണ് സംഭവം നടന്നത്.
രഞ്ചിത് നഗറിലെ വീടിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കാണാതായത്. കുട്ടിയെ തട്ടിയെടുത്തതായും വിട്ടു കിട്ടണമെങ്കില്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് അജ്താന്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കളെ ഫോണ്‍ വിളിക്കുകയായിരുന്നു.
എന്നാല്‍ അത്രയും വലിയ തുക നല്‍കാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കഴിയുമായിരുന്നില്ല. കുട്ടിയുടെ പിതാവ് ഹൃദയശസ്ത്രക്രിയയ്ക്കു വേണ്ടി ഒന്നര ലക്ഷം രൂപ അടുത്തിടെ ചെലവാക്കിയിരുന്നു. എന്നാല്‍ അത് കണക്കിലെടുക്കാതെ സ്വന്തം മകനെ തിരിച്ചു കിട്ടാന്‍ വേണ്ടി അത്രയും രൂപ വീണ്ടും നല്‍കാന്‍ തയാറാകുമെന്നാണ് അജ്താന്‍ കരുതിയത്.
കുട്ടിയെ മൊബൈല്‍ ഫോണില്‍ ഗെയിംസ് കാണിച്ച് പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയും ചെയ്തു. മൊബൈല്‍ കടയില്‍ നിന്നും മോഷ്ടിച്ച ഫോണില്‍ നിന്നും കുട്ടിയുടെ വീട്ടുകാരെ വിളിച്ച് പണം നല്‍കിയാല്‍ കുട്ടിയെ തിരികെയെത്തിക്കാമെന്നു പറഞ്ഞു. അതിനു ശേഷം തിരിച്ച് വീട്ടിലെത്തി രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറി. കത്തിയും ഫോണും ഒളിപ്പിച്ചു. കുട്ടിയുടെ വീട്ടില്‍ പോവുകയും ഒന്നുമറിയാത്തതുപോലെ പെരുമാറുകയും ചെയ്തു. കുട്ടി തിരിച്ചെത്തിയാല്‍ തന്നെ കാട്ടിക്കൊടുക്കുമെന്ന് അറിയാമായിരുന്നതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയോടൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടത്. ഇതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ തട്ടിയെടുത്ത് കൊലപ്പെടുത്തിയ വിവരം പ്രതി സമ്മതിക്കുകയായിരുന്നു. ഐഫോണ്‍ വാങ്ങുന്നതിനും ആഢംബര ജീവിതം നയിക്കുന്നതിനുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു.
കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം നറൈന പ്രദേശത്തെ പാര്‍ക്കിനു സമീപത്തു നിന്നും പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവൈനൈല്‍ ഹോമിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha


























