കാശ്മീര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണം വേണമെന്നും നിര്‍ദേശം

കാശ്മീര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഇനിയും സ്‌ഫോടന പരമ്പരകള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെതുടര്‍ന്നാണ് ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശം നല്‍കിയിട്ടുള്ളത്.
റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണം വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസും മുന്‍കരുതലുകള്‍ സ്വീകരിച്ച് തുടങ്ങി.
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രദേശങ്ങളില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
തീരദേശ മേഖലകളില്‍ പൊലീസ് പട്രോളിങ് കൂടുതല്‍ ശക്തമാക്കി. ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലും പരിശോധന വ്യാപകമാക്കി.
അപരിചിതരെ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് ഹോട്ടല്‍ അധികൃതര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഉപയോഗശൂന്യമായി ബാഗുകളോ കവറുകളോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധാനാലയങ്ങളുടെ സുരക്ഷയും ഇവിടങ്ങളിലെ പട്രോളിങ് ശക്തമാക്കാനുള്ള നടപടികളും ആരംഭിച്ചു.
https://www.facebook.com/Malayalivartha