കശ്മീർ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് പരിക്ക്, ജയ്‌ഷെ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു

കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ.മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമയ്ക്കടുത്ത പ്രദേശത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം കെട്ടിടം വളയുകയായിരുന്നു.
സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദില്‍ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് കരുതുന്നത്. സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേതുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്.
എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഭീകരാക്രമണം നടത്താന്‍ ആദിലിന് കൂട്ടാളികള്‍ ഉണ്ടാകാമെന്ന് കണ്ടെത്തിയിരുന്നു. സൈനികവ്യൂഹത്തിന്റെ വരവും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു നല്‍കിയത് ഈ കൂട്ടാളികള്‍ ആകാമെന്നും സംശയിക്കുന്നു.
https://www.facebook.com/Malayalivartha