കാശ്മീരിലെ പട്ടാളഭരണം നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ അവിടുത്തെ ജനങ്ങള്‍ക്കുണ്ടാക്കിയ ദുരന്തങ്ങളാണ് ഒരുവിഭാഗം കാശ്മീരി യുവാക്കളെ ജെയ്‌ഷേ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളിലേക്ക് നയിച്ചതെന്ന് ചരിത്രം വ്യക്തമാക്കുന്നു... ഭീകരതയെ തുരത്താന്‍ ഭാരതീയരാകണം, കൊടുക്കേണ്ടത് ചങ്കൂറ്റമുള്ള മറുപടി

പുല്‍വാമ ഭീരാക്രമണത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ നല്ലതിനെയും കെട്ടതിനെയും തിരിച്ചറിയാനുള്ള അവസരമായിക്കൂടെയാണ് ഇന്ത്യന്‍ ജനത കാണേണ്ടെതന്ന അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നു.
കാശ്മീരിലെ പട്ടാളഭരണം നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ അവിടുത്തെ ജനങ്ങള്‍ക്കുണ്ടാക്കിയ ദുരന്തങ്ങളാണ് ഒരുവിഭാഗം കാശ്മീരി യുവാക്കളെ ജെയ്‌ഷേ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളിലേക്ക് നയിച്ചതെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. എന്നാല്‍ അവരെ വിശ്വാസത്തിലെടുക്കാനോ ഇന്ത്യയുടെ മുഖ്യധാരയിലേക്കു തിരിച്ചുകൊണ്ടുവരാനോ ഉള്ള ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഈ അവസരം മുതലെടുത്ത് ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും കൂടുതല്‍ ആളുകളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ഭീകരസംഘടനകള്‍ക്ക് ഇത് അവസരമൊരുക്കുകയും ചെയ്തു. ഇതാണ് കാശ്മീരിനെ ഇന്നത്തെ അവസ്ഥയിലേക്കു കൊണ്ടെത്തിച്ചത്. പക്ഷേ, എന്തൊക്കെ കാരണം പറഞ്ഞാലും ഭീകരവാദികളുടെ ക്യാമ്പിലെത്തിയ യുവാക്കളെ ന്യായീകരിക്കുവാന്‍ രാജ്യാഭിമാനിയായ ഒരു ഇന്ത്യാക്കാരനും കഴിയില്ല. ഊീകരവാദത്തെ ശക്തമായി അടിച്ചമര്‍ത്തുകതന്നെ വേണം. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം അതില്‍ പരാജയപ്പെട്ട ഒരു സര്‍ക്കാരാനാണ് ഇന്നു കേന്ദ്രത്തിലുള്ളതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. കാശ്മീര്‍ സംസ്താന ഭരണത്തില്‍ പങ്കുള്ളപ്പോഴും അതുകഴിഞ്ഞ് സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലേക്കു വന്നപ്പോഴും അതിനുള്ള സുവര്‍ണാവസരമാണ് നരേന്ദ്ര മോദി സര്‍ക്കാരിനു ലഭിച്ചത്. കൂടുതല്‍ പട്ടാളക്കാരും സാധാരണ ജനങ്ങളും മരിച്ചുവീണതല്ലാതെ അവിടെ ഒരു പുരോഗതിയും ഉണ്ടായില്ല. ആ നയസമീപനത്തിന്റെ കൂടി ദുരന്തമാണ് ഇപ്പോഴുണ്ടായ, രാജ്യത്തിനുള്ളില്‍ നടന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം.
കൊലവിളിയും അക്രമവും ഒന്നിനും പരിഹാരമല്ലെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കാശ്മീരിലെ ഒരു വിഭാഗം ആളുകള്‍ രാജ്യദ്രോഹശക്തികളോട് ചേര്‍ന്നു നടത്തിക്കൊണ്ടിരിക്കുന്ന പ്രവ!ൃത്തികള്‍. ഹിംസയുടെ ഈ മാര്‍ഗ്ഗം കാശ്മീരിനെ തകര്‍ക്കാന്‍ മാത്രമേ ഉപകാരപ്പെട്ടുള്ളൂ. ആയിരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു. എണ്ണമറ്റ കുടുംബങ്ങള്‍ അനാഥമായി. ഒരു സമൂഹത്തിന്റെ വളര്‍ച്ച മുരടിച്ചു. ലോകത്തെവിടെയും ഹിംസയും വിദ്വേഷവും വെറുപ്പും കൊണ്ട് ജയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പാഠമാണ് കാശ്മീര്‍. അവിടുത്ത നിരപരാധികളും സാധാരണക്കാരുമായ ജനസമൂഹത്തിനുപോലും ഇതിന്റെ ഫലമായുള്ള ദുരിതങ്ങള്‍ പങ്കുവയ്‌ക്കേണ്ടി വരുന്നു എന്നതും സങ്കടകരമായ അവസ്ഥയാണ്.
അക്രമത്തിനെതിരെ വെറുപ്പും വിദ്വേ!ഷവും ആരു പ്രചരിപ്പിച്ചാലും അത് അപകടമുണ്ടാക്കും. ആ തെറ്റാണ്, ഇപ്പോഴത്തെ ഭീകരാക്രമണത്തിന്റെ മറവു പറ്റി വിഎച്ച്പി, ബജ്രംഗ് ദള്‍ തുടങ്ങിയ തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്നത്. ഇസ്ലാമികവാദത്തിനും ഹിന്ദുത്വവാദത്തിനും കൊടിയുടെ നിറത്തിലല്ലാതെ മറ്റൊന്നിലും വ്യത്യാസമില്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ചില സംഘടനകള്‍ നടത്തുന്ന കൊലവിളികള്‍.
വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാശ്മീരി ജനങ്ങള്‍ക്കു നേരേ വ്യാപകമായ ആക്രമങ്ങള്‍ക്ക് വര്‍ഗ്ഗീയ വാദികള്‍ കോപ്പു കൂട്ടുന്നതായാണ് വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. നായ്ക്കള്‍ക്ക് വരാം, കാശ്മീരികള്‍ക്ക് പ്രവേശനമില്ല എന്ന് ഡെറാഡൂണിലെ കടകള്‍ക്ക് പുറത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അവിടെ കഴിഞ്ഞ ദിവസം കാശ്മീരി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിരുന്നു. നഗരത്തിലെ വിവിധ കോളേജുകളിലും യൂണിവേഴ്‌സിറ്റി കാമ്പസുകളിലുമായി 1500നും 2000നുമിടയ്ക്ക് കാശ്മീരി വിദ്യാര്‍ത്ഥികളുണ്ട്. പലരും വീടൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പുറത്തിറങ്ങാന്‍ പോലും കഴിയാത്തവിധം ഭീതിയിലാണ് അവര്‍ കഴിയുന്നത്. കാശ്മീരി പെണ്‍കുട്ടികള്‍ താമസിക്കുന്ന ഒരു ഹോസ്റ്റല്‍ അക്രമികള്‍ അക്രമികള്‍ വളഞ്ഞു.
കാശ്മീരികളെ വെടിവച്ച് കൊല്ലാനാണ് അക്രമികളുടെ ആഹ്വാനമെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീരി വിദ്യാര്‍ത്ഥികളെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതായി ബജ്രംഗ് ദള്‍ നേതാവ് വികാസ് ശര്‍മയും വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ ചോറ് തിന്ന് അവര്‍ ഞങ്ങള പിന്നില്‍ നിന്ന് കുത്തുകയാണ്. പാകിസ്താന് സിന്ദാബാദ് വിളിക്കുകയാണ്. അവരെ ഞങ്ങള്‍ പാഠം പഠിപ്പിക്കും. ഇതൊക്കയെയായിരുന്നു വികാസ് വര്‍മ്മയുടെ പ്രഖ്യാപനങ്ങള്‍.
ഇത് ഈ ദിവസങ്ങളില്‍ വടക്കേ ഇന്ത്യ കടന്നുപോകുന്ന വെറുപ്പിന്റെയും പകയുടെയും നഖചിത്രമാണ്. എരിതീയില്‍ എണ്ണയിട്ടുകൊടുക്കുന്ന പ്രസ്താവനകളാണ് പല കോണുകളില്‍നിന്നും ഉണ്ടാകുന്നത്. ഇത് ഇന്ത്യയെ ഒരിക്കലും സമാധാനത്തിലേക്ക് കൊണ്ടുവരില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു ജീവിക്കുന്ന ഒരു ഇന്ത്യയ്ക്കു വേണ്ടി ശ്രമിച്ചില്ലെങ്കില്‍ നാളെ ഇന്ത്യ മുഴുവനും കാശ്മീര്‍ ആയി മാറിയേക്കാം.
നല്ല ഭ്രാന്ത്, ചീത്ത ഭ്രാന്ത് എന്ന് രണ്ടു തരം ഭ്രാന്തുകളില്ല. മതഭ്രാന്ത് അത് ഇസ്ലാമിനു വന്നാലും ഹിന്ദുവിനും വന്നാലും ക്രിസ്ത്യാനിക്കു വന്നാലും ഭ്രാന്ത് തന്നെയാണ്.
https://www.facebook.com/Malayalivartha