അടിക്ക് തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം; മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചെന്ന് റിപ്പോർട്ട്

ചാവേറാക്രമണത്തിൽ സൈനികരുടെ ജീവൻ നഷ്ടമായതിനു പിന്നാലെ കശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം 40 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന് നേതൃത്വം നൽകിയ ആദിൽ അഹമ്മദ് ധറിന്റെ കൂട്ടാളികളായ ജെയ്ഷെ മുഹമ്മദ് ഭീകരർ ആണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചാവേർ ആക്രമണത്തിന് ശേഷം പുല്‍വാമയിലെ തന്നെ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന കമ്രാന്‍, ഗാസി എന്നീ രണ്ട് കമാന്‍ഡര്‍മാരെ പുലര്‍ച്ചെ മുതല്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് സൈന്യം വധിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം ഇതുവരെയും ലഭ്യമായിട്ടില്ല.
അതേസമയം ഞായറാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു മേജറും ഉൾപ്പെട്ടിട്ടുണ്ട്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ സേനയ്ക്കുനേരെ വെടിവെയ്പുണ്ടാവുകയായിരുന്നു. ഇതേത്തുടർന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
മൂന്ന് ദിവസം മുമ്പ് ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ ഭീകരരുമായി സൈന്യത്തിന്‍റെ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞത്. എന്നാൽ ഏറ്റുമുട്ടലില്‍ നാല് സൈനികർ വീരമൃത്യുവരിക്കുകയും ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്.
സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ ആദില്‍ ധര്‍ ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. ആദിലിന് മൂന്നോ നാലോ സഹായികള്‍ ഉണ്ടായിരുന്നുവെന്നും ഇവരാണ് സിആര്‍പിഎഫ് വാഹന വ്യൂഹത്തിന്‍റെ വിവരങ്ങള്‍ കൈമാറിയതെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha

























