കാഷ്മീരില്‍നിന്നുള്ള എല്ലാത്തിനെയും ബഹിഷ്കരിക്കണം; മേഘാലയ ഗവര്‍ണര്‍ തഥാഗത റോയിയുടെ പ്രതികരണം വിവാദമാകുന്നു

കാഷ്മീരില്‍നിന്നുള്ള എല്ലാത്തിനെയും ബഹിഷ്കരിക്കണമെന്ന് മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകളോടു പ്രതികരിച്ചാണ് ഗവര്‍ണറുടെ ട്വീറ്റ്. അമര്‍നാഥ് യാത്രയും കാഷ്മീരില്‍നിന്നുള്ള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും മുന്‍ ബിജെപി നേതാവു കൂടിയായ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സൈന്യത്തില്‍നിന്നു വിരമിച്ച ഒരു കേണലിന്റെ ആവശ്യം: കാഷ്മീര്‍ സന്ദര്‍ശിക്കരുത്. രണ്ടു വര്‍ഷത്തേക്ക് അമര്‍നാഥ് യാത്ര നടത്തരുത്. കാഷ്മീരിലെ കച്ചവട സ്ഥലങ്ങളില്‍നിന്നോ എല്ലാ ശൈത്യകാലത്തും വരുന്ന കാഷ്മീര്‍ വ്യാപാരികളില്‍നിന്നോ ഒരു ഉത്പന്നങ്ങളും വാങ്ങരുത്. കാഷ്മീരിന്േറതായ എല്ലാത്തിനെയും ബഹിഷ്കരിക്കുക- റോയി ട്വീറ്റ് ചെയ്തു. ഇതിനോടു താന്‍ യോജിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്താവന വിവാദമായതോടെ വിമര്‍ശനവുമായി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കള്‍ രംഗത്തെത്തി. റോയിയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തി.
https://www.facebook.com/Malayalivartha

























