പാകിസ്ഥാനിൽ നടന്നത് സൈനിക നടപടി ആയിരുന്നില്ല; വ്യോമാക്രമണത്തിലെ മരണസംഖ്യയെക്കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെന്നും ബാലാകോട്ടിലേത് സൈനിക നടപടി ആയിരുന്നില്ലെന്നും പ്രതിരോധ മന്ത്രി നിർമല സീതാരാമന്‍

പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെക്കുറിച്ചു വിവാദം പുകയുന്നതിനിടെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇതാദ്യമായി മൗനം ഭേദിച്ചു. വ്യോമാക്രമണത്തിലെ മരണസംഖ്യയെക്കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെന്നും ബാലാകോട്ടിലേത് സൈനിക നടപടി ആയിരുന്നില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി നേരത്തെ നല്‍കിയ പ്രസ്താവനയില്‍ പറയുന്നതാണു മരണസംഖ്യയെന്നു നിര്‍മല പറഞ്ഞു.
എന്നാല്‍ വിദേശകാര്യ സെക്രട്ടറി ഇതുവരെ ഏതെങ്കിലും സംഖ്യ വെളിപ്പെടുത്തിയിട്ടില്ല. ബിജെപി കേന്ദ്രങ്ങള്‍ പലതരം കണക്കുകള്‍ പുറത്തുവിട്ടിരുന്നു. വ്യോമസേനയ്ക്കും കേന്ദ്രമന്ത്രിമാര്‍ക്കും പോലും അറിയാത്ത മരണസംഖ്യ ബിജെപി അധ്യക്ഷന് എങ്ങനെയാണു കിട്ടിയതെന്നു വ്യക്തമാക്കണമെന്ന് ഇന്നലെ മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ചോദിച്ചു. ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍, ചാവേര്‍ ആക്രമണത്തിനു പരിശീലനം നേടിയ ജിഹാദി സംഘങ്ങള്‍ തുടങ്ങിയവരുടെ വളരെ വലിയ സംഖ്യ വ്യോമാക്രമണത്തിലെ ബോംബുവര്‍ഷത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഫെബ്രുവരി 26നു നല്‍കിയ പ്രസ്താവനയില്‍ ഔദ്യോഗികമായി അറിയിച്ചത്. മരിച്ചവരുടെ കണക്ക് വ്യോമസേന എടുക്കാറില്ലെന്നും മരണസംഖ്യയെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കുമെന്നുമാണു വ്യോമസേന മേധാവി ബി.എസ്. ധനോവ പ്രസ്താവിച്ചത്.
ബാലാകോട്ടിലെ ആക്രമണത്തിനു തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നു പ്രതിരോധമന്ത്രി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പാക്കിസ്ഥാനിലെ വ്യോമാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും രാഷ്ട്രീയവ ത്കരിക്കുകയാണെന്നു കോണ്‍ഗ്രസും പ്രതിപക്ഷ നേതാക്കളും കുറ്റപ്പെടുത്തുന്നതിനിടെയാണ് ഈ വിശദീകരണം. ബാലാകോട്ടിലേത് ഒരു സൈനികനടപടി ആയിരുന്നില്ല. സാധാരണ പൗരന്മാര്‍ക്ക് ആര്‍ക്കും അവിടെ പരിക്കേറ്റിട്ടില്ല. ഇന്ത്യക്കെതിരായി പാക്കിസ്ഥാനില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു നീക്കംനിര്‍മല വിശദീകരിച്ചു. ബാലാകോട്ടില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിരോധ മന്ത്രി നടത്തിയ വിശദീകരണം കൂടുതല്‍ വിവാദമായി. അമിത് ഷാ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷം ചോദിച്ചതോടെ, അതൊരു ഏകദേശ കണക്കാണെന്ന് പിറ്റേന്ന് കേന്ദ്രമന്ത്രി റിട്ട. ജനറല്‍ വി.കെ. സിംഗ് പറഞ്ഞു. 300 മുതല്‍ 350 വരെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് പേരുവെളിപ്പെടുത്താത്ത ഔദ്യോഗികകേന്ദ്രങ്ങളെ ഉദ്ധരിച്ച് ആദ്യം പ്രചരിപ്പിച്ചത്. എന്നാല്‍, ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു വിവാദം പടര്‍ന്നത്.
https://www.facebook.com/Malayalivartha





















