ബംഗാളില്‍ കാര്യങ്ങള്‍ രാഹുലും യച്ചൂരിയും തീരുമാനിക്കും; സീറ്റ് പങ്കുവയ്ക്കുന്നതില്‍ സമവായത്തിലെത്താതെ ബംഗാളിലെ കോണ്‍ഗ്രസ്; സീറ്റു ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, റായ്ഗഞ്ചിലേക്കും മുര്‍ഷിദാബാദിലേക്കും ഇടതുപക്ഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് ഇരു മുന്നണികള്‍ക്കിടയിലെ വിടവു വലുതാക്കി

സീറ്റ് പങ്കുവയ്ക്കുന്നതില്‍ ഇതുവരെ സമവായത്തിലെത്താത്ത ബംഗാളിലെ കോണ്‍ഗ്രസ്, ഇടതു മുന്നണികള്‍ നേരിടേണ്ടിവരുന്ന പ്രധാനപ്രശ്‌നം സംസ്ഥാനത്ത് പ്രസക്തി നഷ്ടപ്പെടാതെ ഈ തിരഞ്ഞെടുപ്പില്‍ പോരാടുക എന്നതാണ്. സീറ്റു ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, റായ്ഗഞ്ചിലേക്കും മുര്‍ഷിദാബാദിലേക്കും ഇടതുപക്ഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് ഇരു മുന്നണികള്‍ക്കിടയിലെ വിടവു വലുതാക്കി. റായ്ഗഞ്ചില്‍നിന്ന് മുഹമ്മദ് സലീമും മുര്‍ഷിദാബാദില്‍നിന്ന് ബദറുദ്ദോസ്സ ഖാനുമാണ് മത്സരിക്കുന്നത്.
ഇരു സീറ്റുകളിലും സിപിഎമ്മാണ് 2014ല്‍ ജയിച്ചത്. അതിനാല്‍ത്തന്നെ ആ സീറ്റുകള്‍ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടാണ് ഇടതിനുള്ളത്. ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. എന്നാല്‍ 2014ല്‍ കോണ്‍ഗ്രസ് ജയിച്ച 4 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് സിപിഎം അറിയിച്ചിട്ടുമുണ്ട്. ഇരു കൂട്ടരും വിഷയം ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തിനുമുന്നില്‍ വച്ചിരിക്കുകയാണ്. ബംഗാളിലെ സഖ്യത്തെ രക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ഇടപെടേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.സംസ്ഥാനത്ത് പ്രസക്തി നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ഇരുകൂട്ടര്‍ക്കും സഖ്യം രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇതു കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അംഗീകരിക്കുന്നുണ്ട്. സഖ്യമില്ലെങ്കില്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് പോര് ബിജെപിയും തൃണമൂലും തമ്മിലാകും. സീറ്റ് പങ്കുവയ്ക്കല്‍ വിജയിച്ചാല്‍ ബിജെപിയെ പിന്നിലേക്കാക്കാമെന്ന ആത്മവിശ്വാസവും ഉണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പാണ് സഖ്യം യാഥാര്‍ഥ്യമാകുന്നതില്‍നിന്നു പിന്നോട്ടുവലിക്കുന്നതെന്നാണ് സൂചന. തനിയെ മല്‍സരിക്കുകയാണെങ്കില്‍ ഇതിലും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സിപിഎമ്മിനാകുമെന്നും ഇവര്‍ വിലയിരുത്തുന്നു. ഫെബ്രുവരി 3ന് നടന്ന ഇടതു റാലിയില്‍ യുവജനങ്ങളുടെ പങ്കാളിത്തം കാര്യമായി വന്നത് പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്. താഴേക്കിടയിലേക്കു കൂടുതല്‍ ഇറങ്ങിച്ചെന്നാല്‍ ഈ സ്വാധീനം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നും പാര്‍ട്ടിയിലെ ഈ വിഭാഗം വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha





















