ചേച്ചി വെറുതേ വിട്ടില്ല, തന്റെ അനിയനെ ഇടിച്ചു കൊന്ന് കടന്നുകളഞ്ഞ ആ ബസിനെ അവള്‍ പിന്തുടര്‍ന്ന് കണ്ടെത്തി!

ഏതാണ്ട് ഒരു മാസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 4 -ന്, രാത്രി 10.30-ന് മുംബൈയിലെ ബാന്ദ്രയിലെ യു ബ്രിഡ്ജില്‍ വെച്ച് ഒരു BEST ബസ് ( അവിടത്തെ കെഎസ്ആര്‍ടിസി) അലി താബിര്‍ ഷെയ്ക്ക് എന്ന ചെറുപ്പക്കാരന്റെ സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തി. ആ സമയത്ത് ആ ബസ്സ് നിറച്ചും യാത്രക്കാരുണ്ടായിരുന്നു. പക്ഷേ അവന്‍ അവിടെ കിടന്ന് രക്തം വാര്‍ന്ന് മരിച്ചുപോയി!
കേരളത്തിലെ ഏതെങ്കിലും നഗരത്തിലെ അത്ര തിരക്കില്ലാത്ത, രാത്രിയായാല്‍ വഴിയില്‍ ഒരുപാട് ആളില്ലാത്ത തിരക്കുള്ള റോഡ് മനസ്സില്‍ കാണുക. അതിലൂടെ സര്‍വീസ് നടത്തുന്ന ഒരു കെഎസ്ആര്‍ടിസി ബസ്സും. നിങ്ങളും അതിലെ ഒരു യാത്രക്കാരനാണ് എന്നും സങ്കല്പിച്ചോളൂ. റോഡിലൂടെ ചീറിപ്പാഞ്ഞുപോവും വഴിക്ക് ബസ്സ് ഒരു സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തുന്നു. അയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നു. എന്തായിരിക്കും ബസ്സിലെ യാത്രക്കാരന്‍ എന്നനിലയില്‍ അപ്പോള്‍ നിങ്ങളുടെ പ്രതികരണം..? ഒന്നുകില്‍ അതേബസ്സില്‍ പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുന്നു. അല്ലെങ്കില്‍ ആ വഴിയ്ക്കു വരുന്ന ഏതെങ്കിലും കാര്‍ തടഞ്ഞു നിര്‍ത്തി അതില്‍ കയറ്റിക്കൊണ്ടു പോവും. അതുമല്ലെങ്കില്‍ ആംബുലന്‍സിനെയോ പോലീസിനെയോ അറിയിക്കുകയെങ്കിലും ചെയ്യും.
എന്നാല്‍ അലി താബിര്‍ ഷെയ്ക്ക് എന്ന ചെറുപ്പക്കാരന്റെ സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയപ്പോള്‍ അവിടെ സംഭവിച്ചത് ഇതൊന്നുമല്ലായിരുന്നു. ആ ബസ്സ് നിറച്ചും യാത്രക്കാരുണ്ടായിരുന്നു. ഇടി നടന്നപാടേ ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി റോഡില്‍ പരിക്കേറ്റുകിടന്ന താബിറിനെ ഒന്ന് നോക്കിയിരിക്കുന്നു. പന്തിയല്ലെന്നുകണ്ട് പറ്റിപ്പോയ കയ്യബദ്ധത്തെപ്പറ്റി ആരും അറിയാതിരിക്കാന്‍ വേണ്ടി, പരിക്കേറ്റ് വഴിയരികില്‍ കിടന്നു മരണവെപ്രാളത്തില്‍ പിടഞ്ഞുകൊണ്ടിരുന്ന ആ യുവാവിനെ മരിക്കാന്‍ വിട്ടിട്ട്, അവന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി യാതൊന്നും ചെയ്യാതെ അവര്‍ സ്ഥലം വിട്ടു കളഞ്ഞു. ഒരു ടിപ്പിക്കല്‍ 'ഹിറ്റ് ആന്‍ഡ് റണ്‍' കേസ്. ഒരേയൊരു വ്യത്യാസം മാത്രം. ഇത് അബദ്ധവശാല്‍ വണ്ടിയിടിച്ചപ്പോള്‍ പരിഭ്രാന്തനായ ഒരു കാര്‍/ട്രക്ക് ഡ്രൈവറുടെ കഥയല്ല. ഒരു ബസ്സ് നിറഞ്ഞുകവിഞ്ഞിരുന്ന ഉത്തരവാദിത്തമുള്ള പൗരന്മാര്‍ ഒറ്റക്കെട്ടായാണ് ഈ കൊലപാതകത്തിന് മൗനാനുവാദം നല്‍കിയത്.
അന്ന് താബിറിന്റെ കൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന അവന്റെ സുഹൃത്തിനും പരിക്കേറ്റിരുന്നു. അവന് ബോധം തെളിഞ്ഞതോടെ, ഇടിച്ചിട്ടു നിര്‍ത്തായതെ പോയത് ഒരു BEST ബസ് ആയിരുന്നു എന്നത് വെളിപ്പെട്ടു. പൊലീസുകാരുടെ അന്വേഷണം ഒച്ചിന്റെ വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്നു. മറ്റേതൊരു ആക്‌സിഡന്റ് കേസും പോലെ തുമ്പില്ലാതെ തീര്‍ന്നേനെ ഈ കേസും.
പക്ഷേ, ഇവിടെ താബിറിനുവേണ്ടി ഇടപെടാന്‍, അവന് നീതി കിട്ടാന്‍ വേണ്ടി, ഒരാള്‍ മുന്നോട്ടുവന്നു. താബിറിന്റെ പെങ്ങള്‍, സുമാനാ ഷബീര്‍ എന്ന ധീരയായ സ്ത്രീ. തന്റെ സഹോദരനെ ഇടിച്ചിട്ട സര്‍ക്കാര്‍ വണ്ടി അവനെ ആശുപത്രിയിലെത്തിക്കാന്‍ മിനക്കെടാതെ സ്ഥലം വിടുകയായിരുന്നു എന്ന് അവന്റെ സ്‌നേഹിതനില്‍ നിന്നും മനസ്സിലാക്കിയ സുമാന ആ ക്രിമിനല്‍ കുറ്റം ചെയ്ത ഡ്രൈവറെയും അതിനു കൂട്ടുനിന്ന കണ്ടക്ടറെയും വെറുതെവിടാന്‍ തയ്യാറല്ലായിരുന്നു. അവള്‍ പോലീസുകാരുടെ പിന്നാലെ നടന്നു. പലവിധത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി. അത് ഫലം കണ്ടു.
സുമാന തന്റെ ജീവിതം തന്നെ ഈ കേസ് തെളിയിക്കുന്നതിനായി ഉഴിഞ്ഞുവെച്ച. അതിന്റെ പിന്നാലെ തന്നെ കൂടി. അടുത്ത ദിവസം മുതല്‍ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ നിത്യ സന്ദര്‍ശകയായ സുമാന പോലീസുകാര്‍ക്കൊപ്പം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ചേര്‍ന്നു. ആ പരിസരത്തുള്ള ഏകദേശം എഴുപതോളം സിസിടിവി ദൃശ്യങ്ങളാണ് അവര്‍ പരിശോധിച്ചത്. സബ് ഇന്‍സ്പെക്ടര്‍ അവിനാശ് രക്ഷെയ്ക്കായിരുന്നു അന്വേഷണച്ചുമതല. അദ്ദേഹത്തിനുമുന്നില്‍ പ്രധാനമായും രണ്ടു വെല്ലുവിളികളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, ആ പ്രദേശം പൊതുവെ വിജനമായിരുന്നു. അതുകൊണ്ടുതന്നെ ദൃക്സാക്ഷികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇടികൊണ്ടുവീണ താബിറിന്റെ സുഹൃത്ത് അതൊരു ബെസ്റ്റ് ബസാണ് എന്ന ഒരു സാമാന്യമായ മൊഴി മാത്രമാണ് കൊടുത്തത്. ബസിന്റെ നമ്പറോ ഒന്നും നോട്ടു ചെയ്യാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.
ആക്‌സിഡന്റ് നടന്ന ഭാഗത്ത് തെരുവുവിളക്കുകളോ സിസിടിവി ക്യാമറകളോ പ്രവര്‍ത്തിച്ചിരുന്നില്ല. അതുമാത്രമല്ല ആ റൂട്ട്, റിങ്ങ് റൂട്ട് 215 ഒരു ട്വിന്‍ റൂട്ടായിരുന്നു. രണ്ടു റൂട്ടില്‍ നിന്നും വരുന്ന ബെസ്റ്റ് ബസ്സുകള്‍ ആ വഴിക്ക് പോയിരുന്നു. നിരന്തരം ബസ്സുകള്‍ അതുവഴി പൊയ്‌ക്കൊണ്ടിരുന്നതുകൊണ്ട് കൃത്യമായും ഇന്ന ബസ്സാണ് ഇടിച്ചത് എന്ന് പറയുക എളുപ്പമല്ലായിരുന്നു. പിന്നെയുണ്ടായിരുന്ന ഒരേയൊരു വഴി, ആ സ്പോട്ടിന് മുമ്പും പിമ്പുമുള്ള സിഗ്‌നലുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അപകടം നടക്കുന്ന നേരത്ത് സ്പോട്ടിനടുത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള ബസിനെ കണ്ടെത്തുക എന്നതായിരുന്നു.അവിടെയാണ് ഭാഗ്യം പൊലീസിനെ തുണച്ചത്. അപകടം നടക്കുന്നതിനു തൊട്ടുമുമ്പുള്ള സിഗ്‌നലില്‍ നിര്‍ത്തി കടന്നുപോയ ഒരു ബസ്സിന്റെ ഹെഡ് ലൈറ്റ് അടുത്ത സിഗ്‌നലില്‍ എത്തിയപ്പോഴേക്കും പൊട്ടിയിരുന്നതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അത് ഒരു വഴിത്തിരിവായി. ആ കച്ചിത്തുരുമ്പില്‍ പിടിച്ചുകേറിയ പൊലീസ് ബസ് ഡ്രൈവറിലേക്ക് എത്തി. അയാളുടെ പേര് സന്തോഷ് ഖാഡെ എന്നായിരുന്നു. അയാളെ ഇന്‍സ്പെക്ടര്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
ആദ്യമൊക്കെ അങ്ങനെയൊരു സ്‌കൂട്ടറില്‍ താനോടിച്ച ബസ് ഇടിച്ചതായി ശ്രദ്ധയില്‍ പെട്ടില്ല എന്ന് പറഞ്ഞ ഡ്രൈവര്‍, സിസിടിവി ദൃശ്യങ്ങളോടെ പോലീസ് ക്രോസ്സ് ചെയ്തപ്പോള്‍ തന്റെ കുറ്റം സമ്മതിച്ചു. ഞെട്ടിക്കുന്ന വിവരമാണ് പൊലീസിന് അയാളില്‍ നിന്നും കിട്ടിയത്. ഡ്രൈവര്‍ സ്‌പോട്ടില്‍ ബസ് നിര്‍ത്തി, ചോരയില്‍ കുളിച്ച് കിടക്കുന്ന ആ യുവാവിനെ ഒരു നിമിഷം ചെന്ന് നോക്കിയിരുന്നു. ആ കിടപ്പു കണ്ടിട്ടും അയാള്‍ അവനെ അവിടെയുപേക്ഷിച്ച് തന്റെ ട്രിപ്പ് തുടര്‍ന്നു. പോലീസിനെയോ ആംബുലന്‍സിനെയോ പോലും വിളിച്ചറിയിക്കാതെ കടന്നുകളഞ്ഞു. എന്നുമാത്രമല്ല, അപകടം നടന്നതിന് ഏതാനും കിലോമീറ്റര്‍ അപ്പുറത്തു കൊണ്ട് നിര്‍ത്തി തന്റെ വണ്ടിയുടെ പൊട്ടിയ ഹെഡ്ലൈറ്റില്‍ പടര്‍ന്നിരുന്നു ചോരപ്പാടുകള്‍ കഴുകി വെടിപ്പാക്കി തെളിവുകളൊക്കെ നശിപ്പിക്കുകയും ചെയ്തു അയാള്‍. അറിഞ്ഞുകൊണ്ടുതന്നെ പ്രവര്‍ത്തിച്ച ഗുരുതരമായ ഒരു കുറ്റമായിരുന്നു അയാളുടേത്. അശ്രദ്ധമായി വണ്ടിയോടിച്ച് ജീവാപായമുണ്ടാക്കിയതിന് അയാളുടെ മേല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ചോരയില്‍ കുളിച്ചു കിടന്ന താബിറിനെ ആ വഴി പോയ ഏതോ കാല്‍നടക്കാരനാണ് ആദ്യം കാണുന്നത്. അദ്ദേഹം അവന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണെടുത്ത് അതില്‍ കണ്ട 'അമ്മ' എന്ന നമ്പറില്‍ വിളിച്ച് കാര്യം പറയുമ്പോഴാണ് താബിറിന്റെ കുടുംബം ആ അപകടത്തെക്കുറിച്ച് അറിയുന്നത്. ഉടനടി താബിറിന്റെ അമ്മാവന്‍ വാഹനവുമായി സ്ഥലത്തെത്തി അവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും രക്തം വാര്‍ന്ന് അവന്‍ മരിച്ചുപോയി. ഡ്രൈവര്‍ അപകടം നടന്നപ്പോള്‍ പരിഭ്രമിച്ചതിലും വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ചതിലും അസ്വാഭാവികതയൊന്നും അവന്റെ സഹോദരി കാണുന്നില്ല. അവരെ അമ്പരപ്പിച്ചത് അതിന് അയാളെ അനുവദിച്ച ആ വണ്ടി യാത്രക്കാരുടെ മനസ്സലിവില്ലായ്മയാണ്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ഖാഡെയോടൊപ്പം ഈ കേസില്‍ കൂട്ടുപ്രതികളാണ് അന്ന് ആ ബസ്സില്‍ യാത്ര ചെയ്ത മുഴുവന്‍ ആളുകളും എന്ന് അവര്‍ പറഞ്ഞു.
ഒരു സഹജീവിയെ റോഡില്‍ ഇടിച്ചുവീഴ്ത്തിയ ശേഷം അയാളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട അടിയന്തര വൈദ്യസഹായം പോലും ലഭ്യമാകാതെ കടന്നുകളയുന്നവരുടെ മാനസികാവസ്ഥ എന്താവും.. ? ഒന്ന്, അശ്രദ്ധമായി വണ്ടിയോടിച്ച് തന്റെ വാഹനത്തിന് കുറുകെ വന്നുചാടിയത് അപകടത്തില്‍ പെട്ടയാളിന്റെ തെറ്റാണ് എന്ന 'കുറ്റപ്പെടുത്തല്‍' മനോഭാവം. രണ്ട്, അപകടം നടന്ന ഉടനെ ഉണ്ടായേക്കാവുന്ന ജനരോഷം, അത് വിശേഷിച്ചും ഡ്രൈവര്‍ക്ക് മര്‍ദ്ദനമേല്കുന്നതില്‍ അവസാനിക്കും എന്ന ചിന്ത, മൂന്ന്, രാത്രിയില്‍ ഇരുട്ടില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ഒരു പക്ഷേ കണ്ടുപിടിക്കപെടാതെ പോയാലോ എന്ന പ്രതീക്ഷ, നാല്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ലഹരിയില്‍ ആയതിനാല്‍ പൊലീസ് വന്നാല്‍ കൂടുതല്‍ ശിക്ഷകിട്ടിയേക്കാവുന്ന പല വകുപ്പുകളും ഇടിച്ചയാളിന്റെ കയ്യിലുണ്ടെങ്കില്‍, വണ്ടിയോടിച്ചയാള്‍ ഒരു സെലിബ്രിറ്റിയാണെങ്കില്‍, സഹജീവികളുടെ ജീവനും ആരോഗ്യത്തിനും പുല്ലുവില കല്പിക്കുന്നയാളാണെങ്കില്‍ ഒക്കെ ഒരു 'ഹിറ്റ് ആന്‍ഡ് റണ്‍' കേസ് സംഭവിക്കാം. ഇത്തരത്തിലുള്ള കേസുകളില്‍ കടുത്ത ശിക്ഷതന്നെ നല്‍കുന്ന രീതിയില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയും, വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ അപകടത്തിനു കാരണമാവുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് അവബോധം നല്‍കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ശക്തമാക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള ഒരേയൊരു പ്രതിവിധി. ഇല്ലെങ്കില്‍, അലി താബിര്‍ ഷെയ്ക്കിനെപ്പോലുള്ള യുവാക്കളുടെ ജീവന്‍ ഇതുപോലെ സമയത്തിന് വൈദ്യസഹായം ലഭ്യമാവാതിരുന്നതിന്റെ പേരില്‍ മാത്രം, നമ്മുടെ റോഡുകളില്‍ പൊലിഞ്ഞു പോയെന്നുവരും.
https://www.facebook.com/Malayalivartha





















