പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; ഒരു സംഘം ഭീകരർ മുൻ സൈനികനെ വെടിവച്ചു കൊന്നു; കൊല്ലപ്പെട്ടത് പുൽവാമ സ്വദേശിയായ ആഷിഖ് അഹമ്മദ്

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഒരു സംഘം ഭീകരർ മുൻ സൈനികനെ വെടിവച്ചു കൊന്നു. പുൽവാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. 25-കാരനാണ് ആഷിഖ് അഹമ്മദ്. ആഷിഖിന്‍റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു ആക്രമണം.
പുൽവാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്‍റെ വീട്. ഒരു സംഘം ഭീകരർ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന്‍റെ വിവരം കിട്ടിയ ഉടൻ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കരസേനയും ജമ്മു കശ്മീർ പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് പ്രദേശത്ത് ഭീകരർക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ്.
രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് ശേഷമുള്ള സൈനിക നടപടിയിൽ 18 ഭീകരരെ വധിച്ചതായി ഇന്ത്യൻ സേന. ശ്രീനഗറിൽ വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലാണ് പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരനടക്കം 18 ഭീകരരെ വധിച്ചതായി ഇന്ത്യൻ സേന അറിയിച്ചത്.
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 18 പേരിൽ എട്ടു പേർ പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളും ആറ് പേർ ജെയ്ഷെ മുഹമ്മദ് ഭീകരരാണെന്നും സേന അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ആരംഭിച്ച സൈനിക നടപടിയിലൂടെ ജമ്മുകശ്മീരിലെ ഭീകര സംഘടനകളുടെ ഒരു വലിയ ശൃംഖലയെ തന്നെ ഇല്ലാതാക്കാനായെന്നും സേന പറഞ്ഞു.
ഇന്ന് പുലർച്ചെ ത്രാലിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പുൽവാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ മുദസ്സിർ അഹമ്മദ് ഖാനെ വധിച്ചതായും സൈന്യം അറിയിച്ചു. മുദസ്സിർ അഹമ്മദ് ഖാനാണ് പുൽവാമയിൽ മനുഷ്യ ബോംബായി മാറിയ ആദിൽ മുഹമ്മദിന് സ്ഫോടക വസ്തുക്കളും കാറും നൽകിയതെന്നും സൈന്യം അറിയിച്ചു.
ഡിഗ്രിയും ഇലക്ട്രോണിക്സിൽ ഡിപ്ലോമയുമുള്ള മുദസ്സിർ 2017ലാണ് ജെയ്ഷെ ക്യാമ്പിലെത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട 23കാരനായ മുദസ്സിറിനെ വധിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ സൈന്യം പറഞ്ഞു. ത്രാലിൽ ഇന്ന് പുലർച്ചെ ഉണ്ടായ എറ്റുമുട്ടലിൽ മൊത്തം മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha





















