ഇന്ത്യന്‍ അഴിമതിയുടെ ഭാവി സുപ്രീംകോടതിയുടെ വിരല്‍ത്തുമ്പില്‍; രാജ്യസുരക്ഷയുമായി ബന്ധമുള്ള രേഖകള്‍ കോടതി പരിശോധിക്കാന്‍ പാടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് വിധി പറയുന്നതിനായി റഫേല്‍ ഇടപാട് കേസ് സുപ്രീംകോടതി മാറ്റിവച്ചു

രാജ്യസുരക്ഷയുമായി ബന്ധമുള്ള രേഖകള്‍ കോടതി പരിശോധിക്കാന്‍ പാടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് വിധി പറയുന്നതിനായി റഫേല്‍ ഇടപാട് കേസ് സുപ്രീംകോടതി മാറ്റിവച്ചു. ആ ഉത്തരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുനഃപരിശോധന ഹര്‍ജി സ്വീകരിക്കണമോ വേണ്ടയോ എന്നും തീരുമാനിക്കുക. അതായത് പുനഃപരിശോധനാ ഹര്‍ജി തള്ളുകയാണെങ്കില്‍ അതിനര്‍ത്ഥം കോടതിയ്ക്ക് രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ കഴിയുകയില്ല എന്ന് സുപ്രീംകോടതി വിധിച്ചു എന്നാണ്. അതിന്റെ പരിണതഫലം എന്താണെന്നു വച്ചാല്‍ വരും സര്‍ക്കാരുകള്‍ക്ക് തോന്നിയപോലെ കോടാനുകോടിയുടെ അഴിമതി ചെയ്യാനുള്ള പറുദീസയായി രാജ്യരക്ഷാ വിപണി മാറും എന്നാണ്.പറക്കാത്ത റഫേലുകളും പൊട്ടാത്ത ബൊഫേഴ്സുകളും ഇനിയും ഇന്ത്യന്‍ സൈന്യത്തിന്റെ പുറത്തുകെട്ടി അവരെ ശത്രുരാജ്യങ്ങള്‍ക്കഭിമുഖമായി നിര്‍ത്തിക്കൊടുക്കും. ശവപ്പെട്ടി കുംഭകോണങ്ങള്‍ അതോടെ ഭയമില്ലാതെ നടത്താം എന്ന സ്ഥിതി വരും. ദേശീയ പതാക മൂടി എടുത്തുകൊണ്ടുവരുന്ന ജവാന്റെ പടം വച്ച് രണ്ട് ഭാരത് മാതാ ജീ ജയ് പോസ്റ്ററിട്ടാല്‍ അഴിമതിക്കാരന്‍ പൊന്നിന്റെ വിശുദ്ധിയുള്ള രാജ്യസ്നേഹിയായി മാറും. അതായത് രാജ്യത്തിന്റെ സുരക്ഷയും ഭാവിയും നിര്‍ണ്ണയിക്കുന്ന വിധിയാണ് വരും ദിനങ്ങളില്‍ സുപ്രീംകോടതി നടത്താനിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വിചിത്രമായ വാദങ്ങളാണ് സര്‍ക്കാര്‍പക്ഷം ഇന്ന് സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ഒന്നാമത്തെ വാദം, ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച മൂന്ന് രേഖയും ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയില്‍ വരുന്നതായതുകൊണ്ട് കോടതി പരിഗണിക്കരുത് എന്നതായിരുന്നു. അതിനാല്‍ റിവ്യൂ ഹര്‍ജികള്‍ തള്ളണം. രാജ്യത്തിന്റെ സുരക്ഷ ആണ് മറ്റ് എല്ലാ വിഷയത്തെക്കാളും വലുത്. ഇതായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ വാദം.
റഫേല്‍ വിഷയത്തില്‍ രേഖകള്‍ രഹസ്യം ആയിരിക്കും എന്ന് ഫ്രാന്‍സിന് തങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഈ രേഖകള്‍ കോടതി പരിഗണിക്കരുത് എന്നായിരുന്നു മറ്റൊരു വാദം. അറ്റോര്‍ണി ജനറലിന്റെ ഈ വാദങ്ങളെ ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവര്‍ സംശയത്തോടെയാണ് കണ്ടത്. പ്രസിദ്ധീകരിച്ചു കഴിഞ്ഞ രേഖയ്ക്ക് എന്ത് രഹസ്യം എന്നാണ് അവര്‍ ചോദിച്ചത്. അഴിമതിയോ മനുഷ്യാവകാശ ലംഘനങ്ങളോ നടന്നാല്‍ എന്തു രാജ്യസുരക്ഷയായാലും രേഖകള്‍ പരിശോധിക്കും എന്നാണ് കോടതി പറഞ്ഞത്. രഹസ്യാന്വേഷണ വിഭാഗങ്ങളായാലും ഇന്റലിജന്‍സ് ആയാലും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ കോടതിയുമായി പങ്ക് വയ്‌ക്കേണ്ടതുണ്ട് എന്ന് ജസ്റ്റിസ് കെ എം ജോസഫ് എടുത്തു പറയുകയും ചെയ്തു.
വിപ്ലവകരമായ നിയമമാണ് വിവരാവകാശ നിയമം. അതില്‍നിന്നു സര്‍ക്കാര്‍ പിന്നാക്കം പോകരുതെന്നാണ് ജസ്റ്റിസ് ജോസഫ് അഭിപ്രായപ്പെട്ടത്. അതേസമയം, റാഫേല്‍ വിഷയത്തില്‍ പൊതു താല്‍പര്യമാണ് കോടതി പരിഗണിക്കേണ്ടതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. പൊതു താത്പര്യം രാജ്യ താത്പര്യത്തെക്കാള്‍ വലുതാണ്. ഈ രേഖകള്‍ എല്ലാം ഇപ്പോള്‍ പൊതു മണ്ഡലത്തില്‍ ഉണ്ട്. അതിനാല്‍ രഹസ്യ രേഖ എന്ന പരിരക്ഷ ലഭിക്കില്ല എന്നും ഭൂഷണ്‍ വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുന്നതിന് മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ സുപ്രിംകോടതിക്ക് കൈമാറിയിട്ടുണ്ട്. ഇത് എങ്ങനെ സാധിച്ചു എന്നാണ് ഭൂഷണ്‍ ചോദിച്ചത്. രേഖകള്‍ ഫോട്ടോ കോപ്പി ആണെന്നു പറഞ്ഞതോടെ അവ യഥാര്‍ത്ഥ രേഖകള്‍ ആണെന്നു വ്യക്തമായതായി അരുണ്‍ ഷൂരി ചൂണ്ടിക്കാട്ടി. ഇന്നത്തേതോടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതായി സുപ്രീം കോടതി പറഞ്ഞു. പക്ഷേ, വിധി പ്രസ്താവം എപ്പോഴുണ്ടാകും എന്നു വ്യക്തമാക്കിയിട്ടില്ല.
രേഖകള്‍ രാജ്യസുരക്ഷ ആയതിനാല്‍ ആരും പരിശോധിക്കരുത് എന്ന കേന്ദ്ര സര്‍ക്കാര്‍ ന്യായം അഴിമതിയെ മൂടുവാനല്ലാതെ മറ്റൊന്നിനുമല്ല എന്ന ചിന്ത വ്യാപകമായുണ്ട്. ഇന്ത്യയിലെ ഭരണകൂടത്തിന് ഈ രാജ്യത്തെ ജനങ്ങളോടുള്ളതിനേക്കാള്‍ ഉത്തരവാദിത്തം ഫ്രാന്‍സിലെ സര്‍ക്കാരിനോടുണ്ട് എന്ന വാദം തന്നെ ദേശവിരുദ്ധമല്ലേ എന്ന ചോദ്യവും ഉയരേണ്ടതായുണ്ട്.
https://www.facebook.com/Malayalivartha





















