തിരഞ്ഞെടുപ്പിന് ഒരു മുഴം മുന്‍പേ; വോട്ടര്‍മാരെ വീഴ്ത്താന്‍ നരേന്ദ്ര മോദിയുടെ പതിനെട്ടാം അടവ്; ജീവചരിത്ര സിനിമ റിലീസിനൊരുങ്ങി

തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ എണ്ണിയിരിക്കെ വോട്ടര്‍മാരെ വീഴ്ത്താനുള്ള അവസാന അടവായി തന്റെ സിനിമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 12 നാണ് ചിത്രത്തിന്റെ റിലീസ്. നരേന്ദ്ര മോദിയുടെ ചെറുപ്പക്കാലവും രാഷ്ട്രീയത്തിലേക്കുള്ള യാത്രയുമൊക്കെ പറയുന്ന ചിത്രം തിരഞ്ഞെടുപ്പ് കാലത്തു തന്നെ തിയേറ്ററുകളിലേക്കെത്തുകയാണ്. ഏഴുഘട്ടമായി നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം തന്നെ ചിത്രം തിയേറ്ററുകളിലെത്തും.
വിവേക് ഒബ്‌റോയി മോദിയായെത്തുന്ന ചിത്രത്തില്‍ ബോമന്‍ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബര്‍ഖ ബിഷ്ട്, ദര്‍ശന്‍ റവാല്‍, അക്ഷദ് ആര്‍ സലൂജ, സുരേഷ് ഒബ്‌റോയ്, അഞ്ചന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിന്‍ കാര്യേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'വളരെ പ്രത്യേകതകള്‍ ഉള്ള ഒരു ചിത്രമാണിത്, പറയപ്പെടേണ്ട ഒരു കഥയും. വിശ്വാസത്തിന്റെ ഈ കഥ പ്രേക്ഷകരെ പ്രചോദിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 130 കോടി ജനങ്ങളിലേക്ക് ഈ കഥ എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷവും ആവേശവുമുണ്ട്,' ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.
ഈ ചിത്രത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അണിയറയില്‍ ശ്രമങ്ങള്‍ നടക്കുകയായിരുന്നു. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് വിവേക് ഒബ്രോയിക്ക് ആണ്. ഈ കഥാപാത്രം തന്നെ തേടിയെത്തിയത് ഭാഗ്യമായി കരുതുന്നു എന്നാണ് വിവേക് ഒബ്‌റോയി കഥാപാത്രത്തെ കുറിച്ച് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha





















