ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി ജില്ലകളിലെ ചെക്‌പോസ്റ്റുകളിലും ദേശീയപാതയുള്‍പ്പെടെയുള്ള വഴികളിലും പരിശോധന കര്‍ശനമാക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി ജില്ലകളിലെ ചെക്‌പോസ്റ്റുകളിലും ദേശീയപാതയുള്‍പ്പെടെയുള്ള വഴികളിലും പരിശോധന കര്‍ശനമാക്കുന്നു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഒമ്പത് ചെക് പോസ്റ്റുകളിലും പരിശോധന തുടങ്ങി. 50,000 രൂപയ്ക്ക് മുകളില്‍ പണമായി കൈയില്‍ സൂക്ഷിക്കുന്നവരെയാണ് പരിശോധിക്കുക.
പണത്തിന്റെ രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ തുക പിടിച്ചെടുക്കും. രേഖകള്‍ ഹാജരാക്കുന്ന പൊതുജനങ്ങള്‍ക്കും വ്യവസായിക ആവശ്യത്തിന് പണം കൈമാറുന്നവര്‍ക്കും പരിശോധനകളില്‍ ഇളവുനല്‍കുമെന്നും തമിഴ്‌നാട് അധികൃതര്‍ പറഞ്ഞു.
ഒരു നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന ക്രമത്തില്‍ 12 പരിശോധക സംഘങ്ങളെ നിയോഗിച്ചു. ജില്ലാതലത്തില്‍ മറ്റൊരു സംഘവുമുണ്ട്. പോലീസിനുപുറമെ പ്രത്യേക ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപവത്കരിച്ചാണ് പരിശോധന. അത്യാവശ്യകാര്യങ്ങള്‍ക്കുപോകുന്ന വാഹനങ്ങള്‍പോലും പരിശോധിക്കുന്നുണ്ട്. പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷം ആദ്യ നാലുദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 3.4 കോടി രൂപയാണ്.
വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താന്‍ പണം, ഉപഹാരങ്ങള്‍ എന്നിവയുടെ വാഗ്ദാനം, സൗജന്യ ഭക്ഷണം, മദ്യം എന്നിവ വാഗ്ദാനം ചെയ്യുന്നതും നല്കുന്നതും ക്രിമിനല്‍ ചട്ടമനുസരിച്ച് കുറ്റകരമാണ്
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശാനുസരണം ഒരാള്‍ക്ക് കൈവശം വെക്കാവുന്ന തുക രണ്ടുലക്ഷത്തില്‍ താഴെയാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് സമയമായതിനാല്‍ 50,000 രൂപയാണ് കൈവശമുള്ളതെങ്കില്‍പോലും അതുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം സൂക്ഷിക്കാന്‍ ഉടമ ബാധ്യസ്ഥനാണ്. പരിശോധകര്‍ ആവശ്യപ്പെട്ടാല്‍ രേഖകള്‍ കാണിക്കുകയും വേണം.
https://www.facebook.com/Malayalivartha





















