സര്‍ജിക്കല്‍ സ്ട്രൈക്ക്' പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ കനത്ത മറുപടികളുടെ കൂട്ടത്തില്‍ എക്കാലത്തും രാജ്യം അഭിമാനത്തോടെ പറയുന്ന വാക്ക്

'സര്‍ജിക്കല്‍ സ്ട്രൈക്ക്' പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ കനത്ത മറുപടികളുടെ കൂട്ടത്തില്‍ എക്കാലത്തും രാജ്യം അഭിമാനത്തോടെ പറയുന്ന വാക്കാണിത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്ക്എ ന്ന് വിശേഷിപ്പിച്ച് വ്യോമസേനയും തിരിച്ചടി നല്‍കിയിരുന്നു. ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്ക്ന്റെ സമയത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ കരുത്തനായ നേതാവിനെ കൂടിയാണ് ബിജെപിക്ക് നഷ്ടമാകുന്നത്.
2016 സെപ്റ്റംബര്‍ 28ന് ഇന്ത്യയുടെ കരുത്ത് അതിര്‍ത്തിക്ക് അപ്പുറം പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞപ്പോള്‍ ആ കമാന്‍ഡോ ഓപറേഷന്‍ തല്‍സമയം ന്യൂഡല്‍ഹിയില്‍ ഇരുന്ന വീക്ഷിക്കുകയായിരുന്നു പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും. സൈന്യത്തിന് വേണ്ട പിന്തുണ നല്‍കാനും അവര്‍ക്കൊപ്പം നില്‍ക്കാനും മനോഹര്‍ പരീക്കര്‍ ശ്രമിച്ചു. രാജ്യത്തിനേറ്റ മുറിവ് ഉണക്കുന്നതില്‍ മേല്‍നോട്ടം വഹിച്ചവരില്‍ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. 1971നു ശേഷം ആദ്യമായിട്ടാണ് നിയന്ത്രണരേഖ കടന്ന് ഇത്തരത്തിലൊരു നീക്കം ഇന്ത്യ നടത്തുന്നതും.
ഗോവയെ ഇത്രമേല്‍ ആഴത്തില്‍ പഠിച്ച മറ്റൊരു നേതാവുണ്ടോയെന്നു സംശയമാണ്. 'അവസാന ശ്വാസം വരെയും ഗോവയെ സേവിക്കും' എന്നു പരീക്കര്‍ പറയുമ്പോള്‍ അതു വീണ്‍വാക്കാവുന്നില്ല, ജീവിതമാകുന്നു. ഗുരുതരമായ രോഗത്തോടു പടവെട്ടി, 63ാം വയസ്സില്‍ പരീക്കര്‍ വിടവാങ്ങുമ്പോള്‍ ഗോവയ്ക്കു നഷ്ടമാകുന്നതു മുഖ്യമന്ത്രിയെ മാത്രമല്ല, പകരക്കാരനില്ലാത്ത അമരക്കാരനെയാണ്.2014 മുതല്‍ 2017 വരെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ ആകെ നാലു തവണ ഗോവയുടെ ഭരണത്തലവനുമായി. മുംബൈ ഐഐടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994–ല്‍ നിയമസഭാംഗമായി. 2000 ഒക്ടോബറില്‍ ബിജെപി ആദ്യമായി ഗോവയില്‍ ഭരണത്തിലെത്തിയപ്പോള്‍ പരീക്കറെയാണു മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിച്ചത്. 2002 ഫെബ്രുവരിയില്‍ നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെടുപ്പിനെ തുടര്‍ന്നു കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2005–ല്‍ ഭരണം നഷ്ടപ്പെട്ടു.
പരീക്കറുടെ കാര്‍മികത്വത്തിലാണു 2013 ലെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് നടന്നത്. ആ യോഗത്തിലാണ് എല്‍.കെ.അഡ്വാനിയുടെയും മറ്റു മുതിര്‍ന്ന നേതാക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ചു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോദിയെ തിരഞ്ഞെടുത്തത്. അതിനാല്‍ പരീക്കറോട് ഒരു വികാരവായ്പ് മോദി ഹൃദയത്തില്‍ സൂക്ഷിക്കുന്നു. മോദി അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കകം പരീക്കറെ ഡല്‍ഹിയിലേക്കു കൊണ്ടുപോയി പ്രതിരോധ വകുപ്പ് നല്‍കി.മുതിര്‍ന്ന മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, അനന്ത് കുമാര്‍ എന്നിവരുടെ നെഞ്ചു പൊള്ളിച്ച തീരുമാനമായിരുന്നു അത്. പക്ഷേ, ഡല്‍ഹിയിലിരിക്കുമ്പോഴും പരീക്കറുടെ മനസ്സ് ഗോവയിലായിരുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിശങ്കു സഭ വന്നപ്പോള്‍, അദ്ദേഹം ചെറുപാര്‍ട്ടികളെ കൊണ്ടു പറയിപ്പിച്ചു, പരീക്കര്‍ മുഖ്യമന്ത്രിയായി വന്നാല്‍ മാത്രം ബിജെപിയെ പിന്തുണയ്ക്കാമെന്ന്. ഗോവയില്‍ ഘടകകക്ഷികളെ യോജിപ്പിച്ചുനിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചെങ്കിലും രോഗപ്രശ്‌നങ്ങള്‍ അലട്ടി.
പാന്‍ക്രിയാറ്റിക് രോഗബാധിതനായ അദ്ദേഹത്തിനു യുഎസ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണു വിദഗ്ധ ചികില്‍സ നല്‍കിയത്. അല്ലാത്ത സമയം വീട്ടില്‍ വിശ്രമത്തിലായിരുന്നു.ലളിതജീവിതവും ഉയര്‍ന്ന ചിന്തയുംകൊണ്ടു ശ്രദ്ധേയനായ പരീക്കറെയല്ലാതെ മറ്റൊരു ബിജെപി നേതാവിനെയും ചെറുകക്ഷികള്‍ക്കും സ്വതന്ത്രന്‍മാര്‍ക്കും വിശ്വാസമില്ല. അതിനാല്‍ മറ്റൊരു നേതാവെന്ന ചിന്തയുമായി മുന്നോട്ടു പോകാന്‍ മോദിയും അമിത് ഷായും ശ്രമിച്ചില്ല. ചികില്‍സയുടെ ഭാഗമായി ബാഹ്യബന്ധമില്ലാതെ ആശുപത്രിയില്‍ കഴിയുകയാണെങ്കിലും പരീക്കര്‍ക്കു ബോധമുണ്ടെന്നും അദ്ദേഹം സജീവമാണെന്നും ബിജെപി ആവര്‍ത്തിച്ചു. ഇതിനിടെ, മാസങ്ങള്‍ക്കു മുമ്പ് മൂക്കില്‍ ട്യൂബിട്ട നിലയില്‍, ക്ഷീണിതനായി പരീക്കര്‍ പൊതുവേദിയിലും സഭയിലും എത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















