ഭിന്നശേഷികാർക്കായി ഇതുവരെ എഴുതിയത് 700 - ലധികം പരീക്ഷകൾ; മാതൃകയായി രാജ്യത്തിന്റെ ആദരവ് ഏറ്റു വാങ്ങി യുവ ടെക്കി പുഷ്പ

പൊതുവെ പഠിച്ചത് കൂടി മറന്നു പോകുന്ന കാലമാണ് പരീക്ഷാകാലം . എങ്ങനെയെങ്കിലും പരീക്ഷ ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്ന ചിന്താഗതിയിലായിരിക്കും ഭൂരിഭാഗം പേരും. എന്നാൽ ബംഗളൂരു സ്വദേശി പുഷ്പയ്ക്ക് അത് വസന്തത്തിന്റെ കാലമാണ്. ഏറ്റവും സന്തോഷമേറിയ കാലഘട്ടമാണ് പുഷ്പയ്ക്ക് പരീക്ഷ കാലം.
ബംഗളൂരുവില്‍ ടെക്കിയായ പുഷ്പ ഒഴിവു വേളകളിലെല്ലാം ചേര്‍ന്ന് ആകെ എഴുതിയ പരീക്ഷകളെത്ര എന്ന് ചോദിക്കുകയാണെങ്കിൽ '700 -ന് മുകളില്‍' എന്ന് പറയേണ്ടി വരും. അതാവട്ടെ 2007 മുതലും. ഇതൊന്നും പക്ഷേ തനിക്കുവേണ്ടിയുള്ളതായിരുന്നില്ല.
കഴിഞ്ഞ 12 വര്‍ഷമായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ പകര്‍ത്തിയെഴുതി കൊടുക്കുന്ന പുഷ്പയെ രാജ്യം ആദരിച്ചത് കഴിഞ്ഞ വര്‍ഷത്തെ നാരീ ശക്തി പുരസ്കാരം നല്‍കിയാണ്. 31 -കാരിയായ പുഷ്പയോട് എന്‍.ജി.ഒ നടത്തുന്ന ഒരു സുഹൃത്താണ് കാഴ്ചയില്ലാത്ത ഒരു വിദ്യാര്‍ത്ഥിക്കു വേണ്ടി പരീക്ഷയെഴുതാന്‍ അഭ്യര്‍ത്ഥിക്കുന്നത്.
നല്ല ഒരു കാര്യം ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിയാണ് എന്ത് പ്രതിഫലത്തേക്കാളും വലുതെന്നാണ് പുഷ്പ പറയുന്നത്. കാഴ്ചയില്ലാത്തവര്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ -യുടെ അടുത്താണ് താമസം എന്നതുകൊണ്ടു തന്നെ അവരെ ദിവസവും കാണുന്നുണ്ടായിരുന്നു. അവരെ സഹായിക്കാന്‍ എല്ലായ്പ്പോഴും പുഷ്പ ശ്രമിച്ചിരുന്നു. അതുകൊണ്ട് അങ്ങനെയൊരു വിദ്യാര്‍ത്ഥിക്കായി പരീക്ഷയെഴുതുന്നത് പുഷ്പയ്ക്ക് സന്തോഷം നല്‍കി.
പരീക്ഷ തുടങ്ങുന്നതിന് മുൻപായി തന്നെ വിദ്യാര്‍ത്ഥിയുമായി അടുപ്പം ഉണ്ടാക്കുന്ന പുഷ്പ ഉത്തരം ഓര്‍ത്തെടുക്കാനുള്ള സമയവും നല്‍കാറുണ്ട്. പരീക്ഷയ്ക്കായി ടെന്‍ഷനടിക്കണ്ട എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. തിടുക്കപ്പെട്ട് അവരുടെ ആത്മവിശ്വാസം കെടുത്തുന്ന യാതൊരു നടപടികള്‍ക്കും പുഷ്പ മുതിരില്ല.
കുട്ടികളുടെ വിജയവും ഭാവിയും തീരുമാനിക്കുന്നത് എന്റെ ഉത്തരമെഴുത്താണ്. അതുകൊണ്ടുതന്നെ എഴുതുന്ന ഓരോ പരീക്ഷയ്ക്കും ഞാന്‍ വളരെയേറെ പ്രധാന്യം കൊടുക്കാറുണ്ട്. എനിക്ക് വേണ്ടി പരീക്ഷയെഴുതിയപ്പോള്‍ പോലും ഇപ്പോഴത്തെ സംതൃപ്തിയും സന്തോഷവും തോന്നിയിട്ടില്ലെന്നും പുഷ്പ പറയുന്നു.
സ്വന്തം ജീവിതത്തില്‍, ഏഴാം ക്ലാസില്‍ വെച്ചുണ്ടായ ഒരു സംഭവവും പുഷ്പ ഓര്‍ത്തെടുക്കുന്നു. ആദ്യത്തെ അനുഭവമായിരുന്നു അവള്‍ക്കത്. പരീക്ഷാ ഫീസ് നല്‍കാനാവാത്തതുകൊണ്ട് പുഷ്പയെ അധ്യാപകര്‍ പരീക്ഷാഹാളില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. അന്ന്, പോളിയോ ബാധിതനായ ഒരാളാണ് സഹായത്തിനെത്തിയത്. പിന്നീട്, ആ പണം തിരികെ നല്‍കി. അതുകൊണ്ട് തന്നെ മറ്റുള്ളവരെ സഹായിക്കുക എന്നത് തന്‍റെയും കൂടി കടമയാണെന്ന് അവള്‍ വിശ്വസിച്ചു.
വര്‍ഷത്തില്‍ 50-60 പരീക്ഷകളെങ്കിലും പുഷ്പ എഴുതും. ഓരോ ആഴ്ചയും ഒരു പരീക്ഷയെങ്കിലും എഴുതാനുണ്ടാകും. പരീക്ഷയനുസരിച്ച് ജോലി ക്രമപ്പെടുത്തിയാണ് പുഷ്പ വിദ്യാര്‍ത്ഥികളെ സഹായിക്കാനെത്തുന്നത്. ഓഫെടുക്കുകയോ ഷിഫ്റ്റ് മാറ്റിയെടുക്കുകയോ ചെയ്യും. കമ്പനിയിലുള്ളവരും ഇതിനോട് സഹകരിക്കുന്നു.
ഇങ്ങനെ പരീക്ഷയെഴുതാന്‍, ക്ഷമ, ആത്മവിശ്വാസം, ഏകോപനം എന്നീ മൂന്ന് കാര്യങ്ങള്‍ ആവശ്യമാണെന്നാണ് പുഷ്പ പറയുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ ഭാവി താന്‍ എഴുതുന്ന പരീക്ഷയെ അപേക്ഷിച്ചിരിക്കും. വിദ്യാര്‍ത്ഥി ടെന്‍ഷനിലായാലും താന്‍ കൂളായിരിക്കുമെന്നും പുഷ്പ പറയുന്നു. സ്വന്തം പരീക്ഷയ്ക്ക് മാര്‍ക്ക് ലഭിച്ചതിനേക്കാള്‍ സന്തോഷമാണ് ഇപ്പോള്‍ പുഷ്പയ്ക്ക് താന്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്ക് നല്ല മാര്‍ക്ക് ലഭിക്കുമ്പോള്‍ കിട്ടുന്നത്.
https://www.facebook.com/Malayalivartha





















