മനോഹര്‍ പരീക്കറിനു പകരക്കാരനായി ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന് രാത്രിയെന്ന് സൂചന

അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു പകരക്കാരനായി ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും. ഇന്ന് രാത്രി ഒമ്ബതിന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന. രണ്ട് ഘടകകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്കാന് ധാരണയായിട്ടുണ്ട്.
മനോഹര്‍ പരീക്കറുടെ മരണത്തോടെ പ്രതിസന്ധിയിലായ ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ കരുനീക്കങ്ങളുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. പരീക്കറിന്റെ മരണത്തിനു പിന്നാലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പനാജിയില്‍ എത്തി. ഘടകകക്ഷി നേതാക്കളുമായും പാര്‍ട്ടി നേതാക്കളുമായും ഗഡ്കരി രാത്രി തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടെ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി പദത്തില്‍ ഉറപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ സുധിന്‍ ധവാലികറും ഫോര്‍വേഡ് പാര്‍ട്ടിയിലെ വിജയ് സര്‍ദേശായിയും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇരുവരേയും ഉപമുഖ്യമന്ത്രിമാരാക്കാമെന്ന ധാരണയില്‍ ബിജെപി പ്രശ്നം പരിഹരിച്ചു. അതേസമയം, രണ്ടു ഘടകകക്ഷി എംഎല്‍എമാര്‍ ഇപ്പോഴും ഇടഞ്ഞുനില്‍ക്കുകയാണ്. മന്ത്രിസ്ഥാനം നല്‍കണമെന്നാണ് എജിപി എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്.
പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ നിര്യാണത്തോടെ 40 അംഗ ഗോവ നിയമസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 13 ആയി. ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ശനിയാഴ്ച കോണ്‍ഗ്രസ് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്കു കത്തെഴുതിയിരുന്നു.
നേരത്തെ, കോണ്‍ഗ്രസ് എംഎല്‍എയായ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും താന്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും കാമത്ത് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha





















