അര്‍ദ്ധരാത്രിവരെ നീണ്ട നാടകീയതകള്‍ക്ക് ഒടുവില്‍ ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, രണ്ട് ഘടകകക്ഷികളുടെ എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും അടക്കം 9പേരുടെ പിന്തുണ ഉറപ്പായതോടെയാണ് ഭരണം കൈപ്പിടിയിലായത്

ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അര്‍ദ്ധരാത്രിവരെ നീണ്ട നാടകീയതകള്‍ക്ക് ഒടുവിലായിരുന്നു സത്യപ്രതിജ്ഞ. ഡോ.പ്രമോദ് സാവന്ത്, പരീക്കറുടെ പിന്‍ഗാമി. ഒരുദിവസം നീണ്ട് നിന്ന അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് ഗോവയില്‍ ചിത്രം വ്യക്തമായത്. പ്രമോദ് സാവന്തിനെ തീരുമാനിച്ചതിന് ശേഷവും ഘടക കക്ഷികളുടെ അവകാശവാദങ്ങള്‍ നടപടികള്‍ വീണ്ടും വൈകിപ്പിച്ചു.
രണ്ട് ഘടകകക്ഷികളുടെ എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും അടക്കം 9പേരുടെ പിന്തുണ ഉറപ്പായതോടെ കേന്ദ്ര നിരീക്ഷകന്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി 12 മണിയോടെ രാജ്ഭവനിലെത്തി. ഗോവ പോലെ ചെറിയ സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന ഘടകകക്ഷികളുടെ ആവശ്യത്തെ ബിജെപി എതിര്‍ത്തെങ്കിലും സമ്മര്‍ദ്ദം ശക്തമായപ്പോള്‍ വഴങ്ങി.ബിജെപി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലും ഭിന്നത ഉയര്‍ന്നു.
പ്രമോദ് സാവന്തിനൊപ്പം ,വിശ്വിജിത്ത് റാണെ ,സംസ്ഥാന അധ്യക്ഷന്‍ വിനയ് തെന്‍ഡുള്‍ക്കര്‍ എന്നിവരുടെ പേരും ഉയര്‍ന്നതോടെ ചര്‍ച്ചകള്‍ നീണ്ടു.വൈകിട്ട് അമിത്ഷാ എത്തി എംഎല്‍എമാരെ കണ്ടതിന് ശേഷമാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തിയതും തീരുമാനം വേഗത്തിലാക്കാന്‍ ബിജെപിയെ നിര്‍ബന്ധിതരാക്കി.
പരീക്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്.ചാഞ്ചാടി നില്‍ക്കുന്ന ഗോവ രാഷ്ട്രീയത്തിന്റെ അമരത്ത് എത്തുമ്പോള്‍ ഈ യുവ നേതാവിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധി.ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങള്‍ താത്കാലികമായി അവസാനിച്ചെങ്കിലും രണ്ട് ഘടകകക്ഷികളെയും മൂന്ന് സ്വതന്ത്രരെയും ഒപ്പം നിര്‍ത്തി ഭൂരിപക്ഷം തെളിയിക്കുകയാകും ആദ്യ പരീക്ഷണം.മറുഭാഗത്ത് ഗോവ പിടിക്കാന്‍ ശക്തമായ നീക്കങ്ങളാണ് കോണ്‍ഗ്രസ് അണിയറയില്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha





















