ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാന നിയമസഭയിൽ കോൺഗ്രസ്സ് കനത്ത പ്രതിസന്ധിയിൽ

തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിൽ. ആകെയുളള പത്തൊന്‍പതില്‍ ,എട്ട് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയിലെത്തി കഴിഞ്ഞു.
തെലങ്കാനയില്‍ 119 അംഗ സഭയിലേക്ക് നവംബറില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ജയിച്ചത് 19 കോണ്‍ഗ്രസുകാരാണ് . എന്നാൽ , 89 സീറ്റ് നേടി കൂറ്റന്‍ ജയം നേടിയ ടിആര്‍എസിന് മുന്നില്‍ നിഷ്പ്രഭരായ തെലങ്കാന കോണ്‍ഗ്രസ് , ഉളള എംഎല്‍എമാരെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ് ഇപ്പോള്‍.
നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസ് നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസിന്‍റെ ആശങ്കയേറ്റുന്നു. ഏറ്റവുമൊടുവില്‍ കോത്തഗുഡം എംഎല്‍എ വനമ വെങ്കടേശ്വര റാവു ആണ് ടിആര്‍എസിനൊപ്പം പോയത്.
ഇതോടെ ഒരു മാസത്തിനിടെ കളംമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം എട്ടായി. ചുരുങ്ങിയത് പന്ത്രണ്ട് എംഎല്‍എമാരില്ലെങ്കില്‍ നിയമസഭയില്‍ പ്രധാനപ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമാകും. ഇതിനോടകം സംഖ്യ പതിനൊന്നായി. ഇതിനിടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ടിആര്‍എസുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നൽകാൻ തയ്യാറെടുക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് വിമത നീക്കങ്ങള്‍. ടിഡിപിയുമായി മഹാസഖ്യം അവസാനിപ്പിച്ച കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഗൂഢനീക്കം നടത്തുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















