ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍

ജമ്മു കശ്മീർ വീണ്ടും ഏറ്റുമുട്ടൽ സൈന്യവും ഭീകരരും നേർക്കുനേർ. ഷോപ്പിയാനില്‍ സൈന്യവും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ ജില്ലയിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നുള്ള പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പുലര്‍ച്ചെ നാലരയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അതേസമയം സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ രണ്ടു തവണയായി ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സൈനികനും ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. അതേസമയം ദില്ലിയിലെ പാക് ഹൈക്കമ്മീഷനില്‍ നടക്കുന്ന പാക് ദേശീയ ദിനാചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ദിനാചരണത്തിന് ജമ്മുകശ്മീരില്‍ നിന്നുള്ള വിഘടനവാദി നേതാക്കളെ പാക് അധികൃതര്‍ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാത്രി നടക്കുന്ന പരിപാടിയില്‍ ഔദ്യോഗിക പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്‌മീരില്‍ മൂന്നു സ്‌ഥലങ്ങളില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഏറ്റുമുട്ടലിൽ ബാരമുള്ളയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. മൂന്ന് സൈനിക ഉദ്യോഗസ്‌ഥര്‍ക്കു പരുക്കേറ്റു. സോപ്പോറിലാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. പിന്നീട് ബന്ദിപ്പോരയിലും ബാരാമുള്ളയിലും ഏറ്റുമുട്ടലുണ്ടായി.
ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണു സുരക്ഷാ സേന ബന്ദിപ്പോരയിലെ ഹാജിന്‍ മേഖലയില്‍ തെരച്ചിലിനെത്തിയത്. ഭീകരര്‍ വെടിയുതിര്‍ത്തതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു. ഭീകരര്‍ തമ്പടിച്ചിരിക്കുന്ന വീട്ടില്‍ രണ്ടു സിവിലിയന്‍മാരുണ്ടെന്ന റിപ്പോര്‍ട്ട് പരിഗണിച്ച് പരമാവധി സംയമനത്തോടെയാണു ഓപ്പറേഷന്‍ പുരോഗമിച്ചത്. ഹാജിനെ നേരത്തേ ഭീകരമുക്‌ത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ബാരാമുള്ളയിലെ കാണ്ഡിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷന്‍ രാത്രി വെളിച്ചക്കുറവ് മൂലം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു.
തുടര്‍ന്ന് ഇന്നലെ രാവിലെ ഓപ്പറേഷന്‍ പുനഃരാരംഭിച്ചു. സോപ്പോറിലെ വാര്‍പ്പോറ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒയ്‌ക്കും സുരക്ഷാ ഭടനും ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പരുക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരനായ ഒരാള്‍ക്കും പരുക്കുണ്ട്. ഗ്രനേഡ് ആക്രമണത്തിനു പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞ് പ്രത്യാക്രമണം ആരംഭിച്ചു.
അതിര്‍ത്തിയില്‍ പാക് സൈനികരുടെ വെടിനിര്‍ത്തല്‍ ലംഘനത്തെ തുടർന്ന് ഇന്ത്യന്‍ ജവാൻ വീരമൃത്യു വരിച്ചു. സുന്ദര്‍ബാനി സെക്‌ടറിലെ കെരിയിലെ സൈനിക പോസ്‌റ്റുകള്‍ക്കു നേരേ ഇന്നലെ നടത്തിയ ആക്രമണത്തില്‍ ജമ്മു- കശ്‌മീര്‍ ഉധംപുര്‍ സ്വദേശിയായ റൈഫിള്‍മാന്‍ യശ്‌പാലാ(24)ണു മരിച്ചത്. വെടിവയ്‌പിനൊപ്പം മോട്ടാര്‍ ബോംബ് ആക്രമണവും നടത്തി. ഇതേ സെക്‌ടറില്‍ തിങ്കളാഴ്‌ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ കരംജീത്ത് സിങ് എന്ന സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരിക്കുശേഷം പാകിസ്‌താന്‍ 110 തവണയാണു വെടിനിര്‍ത്തല്‍ ലംഘിച്ചത്.
https://www.facebook.com/Malayalivartha





















