പുൽവാമയിലെ യഥാർത്ഥത്തിൽ സംഭവിച്ചത് ; ബാലാകോട്ട് വ്യോമാക്രമണത്തില്‍ എത്ര പേര്‍ മരിച്ചെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സാം പിത്രോദ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിവാദ പരാമർശവുമായി കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. ബാലാകോട്ട് വ്യോമാക്രമണത്തില്‍ എത്ര പേര്‍ മരിച്ചെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സാം പിത്രോദ പറഞ്ഞു. അന്താരാഷ്ട്രമാധ്യമങ്ങള്‍ ബാലാകോട്ടില്‍ ഒരു നാശനഷ്ടവുമുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യക്കാരനെന്ന നിലയില്‍ എന്നെ നാണം കെടുത്തുന്നതാണെന്നും സാം പിത്രോദ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് സാം പിത്രോദയുടെ വിവാദ പ്രസ്താവന.
സാം പിത്രോദ പറയുന്നതിങ്ങനെ: ''ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഞാന്‍ വായിച്ചു. അത് വായിച്ചപ്പോള്‍ എന്‍റെ മനസ്സിലുയര്‍ന്ന ചോദ്യങ്ങളിതാണ്. നമ്മള്‍ ശരിക്ക് ബാലാകോട്ടില്‍ ആക്രമണം നടത്തിയോ? ശരിക്ക് 300 പേരെ വധിച്ചോ? എനിക്കറിയില്ല. ഇത് എനിക്കറിയാന്‍ അവകാശമുണ്ട്. ഈ വിവരങ്ങള്‍ ചോദിക്കുന്നു എന്ന പേരില്‍ ഞാന്‍ രാജ്യവിരുദ്ധനാകില്ല.'' എന്നും പിത്രോദ പറയുന്നു.
നേരത്തേ ബാലാകോട്ട് ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യന്‍ വ്യോമസേന വധിച്ചു എന്നതിന് എന്താണ് തെളിവ് എന്ന ചോദ്യവുമായി പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ധീരസൈനികരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു.
അതേസമയം സൈന്യത്തെ പ്രതിപക്ഷം നിരന്തരം അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രതിപക്ഷത്തിന്റെ കോമാളിത്തരം ജനങ്ങള്‍ മറക്കില്ലെന്നും 130 കോടി ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നും മോദി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് സാം പിത്രോദക്ക് മറുപടിയായാണ് മോദിയുടെ പ്രതികരണം. തീവ്രവാദികളെ ന്യായീകരിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് എസ്.പി നേതാവ് രാം ഗോപാല്‍ യാദവിന് മറുപടിയായി മോദി പറഞ്ഞു. പുല്‍വാമ ഭീകരാക്രമണം ഗൂഢാലോചനയാണെന്നാണ് രാം ഗോപാല്‍ യാദവ് പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യം വെച്ചാണ് ഇത്തരത്തിലുള്ള നീക്കം നടന്നത്. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂഢാലോചന അന്വേഷിക്കുമെന്നും രാംഗോപാല്‍ യാദവ് പറഞ്ഞു.
ബാലാകോട്ടില്‍ എത്ര ഭീകരര്‍ മരിച്ചു, എന്തെല്ലാം നാശനഷ്ടങ്ങളുണ്ടായി എന്നതിന് കൃത്യമായ മറുപടി നല്‍കാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബാലാകോട്ടില്‍ 300 പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന അനൗദ്യോഗിക പ്രചാരണത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് രംഗത്തെത്തിയിരുന്നു. ആദ്യമായി ബാലാകോട്ടില്‍ 300 പേര്‍ മരിച്ചെന്ന് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പറയുന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ്.
അതേസമയം, ഇത്തരം വിവാദപരാമര്‍ശങ്ങളിലേക്കില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.
അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളും ജയ്‌ഷെയുടെ അംഗവുമായ ഭീകരന്‍ ന്യൂഡല്‍ഹിയില്‍ അറസ്റ്റില്‍. ഭീകരാക്രമണം നടത്താന്‍ കാര്‍ ഏര്‍പ്പാടാക്കി കൊടുത്ത സജ്ജാദ് ഖാനെ അറസ്റ്റുചെയ്ത വിവരമാണ് അധികൃതര്‍ പുറത്തുവിടുന്നത്. ആക്രമണം കഴിഞ്ഞ് ഒരുമാസം പിന്നിട്ടതിന് പിന്നാലെ സംഭവത്തിന്റെയും ജയ്‌ഷെയുടെയും എല്ലാ വിവരങ്ങളും അറിയുന്ന ജയ്‌ഷെ സംഘാംഗത്തെ പിടികൂടാന്‍ കഴിഞ്ഞത്.
ഇയാളെ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞതോടെ ജയ്‌ഷെയുടെ നീക്കങ്ങളെ കുറിച്ചും പുല്‍വാമയിലെ ആക്രമണത്തെ കുറിച്ചും പാക് പങ്കിനെ കുറിച്ചുമെല്ലാം നിര്‍ണായക വിവരങ്ങള്‍ ലഭിക്കും.
പുല്‍വാമ സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ മുദാസറിന്റെ അടുത്ത അനുയായിയും ജെയ്ഷെ മുഹമ്മദ് ഭീകരവാദിയുമാണ് ഇയാളെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപത്തുനിന്നാണ് വ്യാഴാഴ്ച രാത്രി ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്‍ സജാദിനെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു.
പുല്‍വാമ ആക്രമണത്തിന് ശേഷം പൊലീസ് തിരച്ചില്‍ തുടങ്ങിയതോടെ ഡല്‍ഹിയിലേക്ക് കടന്ന ഇയാള്‍ ഇവിടെ ഷാള്‍ വില്‍പനക്കാരനായി വേഷംമാറി ജീവിക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമ സജ്ജാദ് ആയിരുന്നു.
സജ്ജാദിന്റെ രണ്ട് സഹോദരന്മാരും ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളാണെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു. 24 കാരനായ ജയ്‌ഷെ ഭീകരന്‍ മുദാസ്സിര്‍ അഹമ്മദ് ഖാന്‍ ആയിരുന്നു ആക്രമണത്തിന്റെ പ്രധാന ആസൂത്രകന്‍. ഇയാളുടെ അടുത്ത സഹായിയാണ് ഇപ്പോള്‍ അറസ്റ്റിലായ സജ്ജാദ് ഖാന്‍. മുദാസിര്‍ ഈ മാസം ആദ്യം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ഫെബ്രുവരി പതിന്നാലിന് പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെ കാശ്മീരില്‍ നിരവധി ജയ്‌ഷെ ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha





















