ആസാമിൽ കത്തി ആക്രമണത്തില്‍ ദൃശ്യമാധ്യമപ്രവര്ത്തകന് ഗുരുതരപരിക്ക്; സംഭവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ

ആസാമിലെ ഗോഹട്ടിയില്‍ കത്തി ആക്രമണത്തില്‍ ദൃശ്യമാധ്യമപ്രവര്ത്തകന് ഗുരുതരപരിക്ക്. വ്യാഴാഴ്ച രാത്രി ഗോഹട്ടിയിലെ ഗണേഷ്ഗുരിയിലെ റസ്റ്ററന്റിലായിരുന്നു സംഭവം. ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ ചക്രപാണി പരാശറിനാണ് കുത്തേറ്റത്.
ചാനലിന്റെ ഓഫീസിനു സമീപമുള്ള റസ്റ്ററന്റിലെ ജീവനക്കാരാണ് ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരാശറിന് കുത്തേറ്റു. ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരാശര്‍ അപകടനില തരണം ചെയ്തതായി ന്യൂസ് 18 ആസാം എഡിറ്റര്‍ സഞ്ജോയ് പോള്‍ പറഞ്ഞു. ചാനല്‍ ഓഫീസും റസ്റ്ററന്റും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. റസ്റ്ററന്റ് ഉടമയും ഹോളി ആഘോഷിച്ച യുവാക്കളും തമ്മില്‍ വ്യാഴാഴ്ച സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പരാശര്‍ എത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പരാശറും റസ്റ്ററന്റ് ഉടമയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇത് ഒത്തു തീര്‍ക്കാന്‍ രാത്രിയില്‍ പരാശറും സഹപ്രവര്‍ത്തകരും റസ്റ്ററന്റിലെത്തിയപ്പോഴാണ് സംഭവം. എന്നാല്‍ വീണ്ടും തര്‍ക്കം ഉണ്ടാകുകയും പരാശറിനെ റസ്റ്ററന്റ് ജീവനക്കാര്‍ കുത്തുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















