എന്‍ഫോഴ്സ്മെന്‍റിന് മുൻപാകെ താന്‍ ഒരാളുടെ പേരും പറഞ്ഞിട്ടില്ല; അഗസ്റ്റവെസ്റ്റ്‍ലാന്‍ഡ് അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ സമര്‍പ്പിച്ച വസ്തുതകള്‍ തെറ്റെന്ന് ക്രിസ്ത്യന്‍ മിഷേല്‍

അഗസ്റ്റവെസ്റ്റ്‍ലാന്‍ഡ് അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ സമര്‍പ്പിച്ച വസ്തുതകള്‍ തെറ്റെന്ന് പ്രതി ക്രിസ്ത്യന്‍ മിഷേല്‍. എന്‍ഫോഴ്സ്മെന്‍റിന് മുൻപാകെ താന്‍ ഒരാളുടെ പേരും പറഞ്ഞിട്ടില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ മിഷേല്‍ ദില്ലി പാട്യാല കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് കേസിലെ കുറ്റപത്രം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാരോപിച്ചും ക്രിസ്റ്റ്യന്‍ മിഷേല്‍ പാട്യാല കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസിലെ പ്രതിയായ തനിക്ക് ലഭിക്കുന്നതിന് മുന്‍പേ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ക്രിസ്ത്യന്‍ മിഷേല്‍ പരാതി. മിഷേലിന്‍റെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട് പാട്യാല കോടതി എന്‍ഫോഴ്സ്മെന്‍റിന് നോട്ടീസ് അയച്ചു.
കുറ്റപത്രം ചോര്‍ന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചാണ് പാട്യാല കോടതി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നോട്ടിസ് അയച്ചിരിക്കുന്നത്. വിഷയത്തില്‍ നാളെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദീകരണം നല്‍കും. അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ കിസ്ത്യന്‍ മിഷേലിന്‍റെ ഡയറിയിലെ എ.പി, എഫ്‌എഎം എന്നീ പരാമര്‍ശങ്ങള്‍ അഹമ്മദ് പട്ടേലിനെയും നെഹ്റു കുടുംബത്തെയും സൂചിപ്പിക്കന്നതാണെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിനായി രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കോഴ നല്‍കിയെന്ന് ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ സമ്മതിച്ചതായും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നലെ ദില്ലി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.
അതിനിടെ എന്‍ഫോഴ്സ്മെന്‍റിന്‍റെ കണ്ടെത്തലുകളിലൂടെ അഗസ്റ്റവെസ്റ്റ്‍ലാന്‍ഡ് കേസില്‍ കോണ്‍ഗ്രസിന്‍റെ പങ്ക് വ്യക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡെറാഡൂണിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് നരേന്ദ്രമോദി അഗസ്റ്റവെസ്റ്റ്‍ലന്‍ഡ് കേസില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹീനമായ നാടകമാണിതെന്നും കുറ്റപത്രത്തിലെ പരാമശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അഹമ്മദ് പട്ടേല്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയഭീതി കാരണം ബിജെപി എന്‍ഫോഴ്സ്മെന്‍റിനെ ഉപയോഗിച്ച് തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയും തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha





















