കൊളംബോ സ്ഫോടന പരമ്പരകളിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ചാവേർ ആക്രമണം ഉണ്ടാകുമെന്ന് 10 ദിവസങ്ങൾക്കു മുൻപേ പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ട്

കൊളംബോയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കയിലെ ബോംബ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. ഇത്തരം കിരാതനടപടികൾക്ക് നമ്മുടെ മേഖലയിൽ സ്ഥാനമില്ല. ശ്രീലങ്കയിലെ ജനങ്ങളോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം തന്റെ ചിന്തകളും പരിക്കേറ്റവർക്കൊപ്പം തന്റെ പ്രാർഥനകളും ഉണ്ടായിരിക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു.
കൊളംബോയിലെ മൂന്നു ക്രിസ്ത്യൻ പള്ളികളിലും ഒരു ഹോട്ടലിലുമാണ് സ്ഫോടനം ഉണ്ടായത്. ഞായറാഴ്ച പ്രദേശിക സമയം രാവിലെ 8.45 ന് ആയിരുന്നു പള്ളികളിൽ സ്ഫോടനം നടന്നത്. അതേസമയം ക്രിസ്ത്യൻ പള്ളികൾക്കു നേരെ ചാവേർ ആക്രമണം ഉണ്ടാകുമെന്ന് 10 ദിവസങ്ങൾക്കു മുമ്പ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
ശ്രീലങ്കൻ പോലീസ് മേധാവിയാണ് ചാവേറുകൾ ക്രിസ്ത്യൻ പള്ളികളിൽ സ്ഫോടനം നടത്താൻ പദ്ധതി തയാറുക്കുന്നതായി മുന്നറിയിപ്പ് നൽകിയത്. പോലീസ് മേധാവി പുജുത് ജയസുന്ദര ഏപ്രിൽ 11 ന് ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു.
ക്രിസ്ത്യൻ പള്ളികളിൽ നാഷണൽ തൗഹീത് ജമാത്ത് ഭീകരർ ചാവേർ സ്ഫോടനത്തിനു പദ്ധതിയിടുന്നതായി വിദേശ രഹസ്യാന്വേഷണ ഏജൻസിയാണ് പോലീസിന് റിപ്പോർട്ട് നൽകിയത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരെയും സ്ഫോടനം ഉണ്ടായേക്കുമെന്ന് പോലീസ് മേധാവി ഉദ്യോഗസ്ഥർക്ക് അയച്ച മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha