മഴമേഘങ്ങളുള്ളപ്പോൾ പാക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമല്ലോ എന്നും ഞാൻ പറഞ്ഞു; ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാന്‍ മോദി പറഞ്ഞ 'മേഘ തിയറി ചർച്ചയാക്കി സാമൂഹിക മാധ്യമങ്ങൾ

അടുത്തിടെ നടന്ന ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'മേഘ സിദ്ധാന്തം' ബിജെപിയെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാന്‍ മോദി പറഞ്ഞ 'മേഘ തിയറിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ബലാക്കോട്ടിൽ ഇന്ത്യ പ്രത്യാക്രമണം നടത്തുമ്പോൾ കാർമേഘങ്ങളും മഴയും കാരണം ഇന്ത്യൻ വിമാനങ്ങൾക്ക് പാക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമെന്ന് താൻ നിർദ്ദേശിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവന. മോദിയുടേത് വോട്ട് ലഭിക്കാൻ വേണ്ടിയുള്ള വിലകുറഞ്ഞ തന്ത്രമാണെന്ന് ആരോപിച്ച് രംഗത്തെത്തിയ പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും ആരോപിച്ചു. മഴമേഘങ്ങൾക്ക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമെന്ന സത്യം ഐ.എസ്.ആർ.ഒയ്‌ക്കും നാസയ്‌ക്കും പറഞ്ഞ് കൊടുത്തത് മോദിയാണെന്ന തരത്തിൽ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.
പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ ,കാലാവസ്ഥ വളരെ പെട്ടെന്നാണ് മാറിയത്. ആകാശം മേഘാവൃതമാവുകയും മഴ തിമിർത്ത് പെയ്യാനും തുടങ്ങി. ഈ കാലാവസ്ഥയിൽ പാകിസ്ഥാനിൽ ആക്രമണം നടത്തണോയെന്നായിരുന്നു പിന്നീടുള്ള ചിന്ത. പ്രത്യാക്രമണം നടത്താനുള്ള തീയതി മാറ്റിവച്ചാലോ എന്ന് പോലും വിദഗ്‌ദ്ധർ ചോദിച്ചു. എന്നാൽ എന്റെ മനസിൽ ആദ്യമെത്തിയത് ദൗത്യത്തിന്റെ രഹസ്യ സ്വഭാവമായിരുന്നു. ശാസ്ത്രീയ വിഷയങ്ങളിൽ ഗഹനമായ അറിവുള്ള ആളൊന്നുമല്ല ഞാൻ. എന്നാലും മഴമേഘങ്ങൾ ഉള്ളത് നമുക്ക് ഉപയോഗപ്പെടില്ലേ എന്നായിരുന്നു എന്റെ രണ്ടാമത്തെ സംശയം. മഴമേഘങ്ങളുള്ളപ്പോൾ പാക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമല്ലോ എന്നും ഞാൻ പറഞ്ഞു. ഇക്കാര്യം കേട്ടപ്പോൾ എല്ലാവരും ആശയക്കുഴപ്പത്തിലായി. എന്നാൽ ദൗത്യവുമായി മുന്നോട്ട് പോകാൻ ഞാൻ ഉത്തരവിടുകയായിരുന്നുവെന്നും' മോദി അഭിമുഖത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha






















