രാജ്യ തലസ്ഥാനത്ത് ആയിരം കോടി വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ; പിടിയിലായ വിദേശി സംഘം താമസിച്ചു വന്നത് ഐ.പി.എസ്. ഓഫീസറുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ

അന്താരാഷ്ട്ര വിപണിയിൽ ആയിരം കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) പിടികൂടി. ഡൽഹിക്കടുത്ത് ഗ്രേറ്റർ നോയ്ഡയിലെ ഒരു ഫാക്ടറിക്കു സമീപമുള്ള വീട്ടിൽനിന്നാണ് മയക്കുമരുന്നു പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളേയും ഒരു ദക്ഷിണാഫ്രിക്കക്കാരനേയും പൊലീസ് അറസ്റ്റ് ചെയ്തു.
1818 കിലോ സ്യൂദോഎഫഡ്രൈനും രണ്ടു കിലോ കൊക്കെയ്‌നുമാണ് പടികൂടിയത്. രാജ്യത്ത് ഇതാദ്യമായാണു സ്യൂദോഎഫഡ്രൈൻ ഇത്രയും വലിയ അളവിൽ പിടികൂടുന്നതെന്ന് എൻ.സി.ബി. അറിയിച്ചു. ഒരു ഐ.പി.എസ്. ഓഫീസറുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വിദേശികൾ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 24.7 കിലോഗ്രാം സ്യൂദോഎഫഡ്രൈനുമായി അറസ്റ്റിലായ ദക്ഷിണാഫ്രിക്കൻ യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് വൻശേഖരം പിടിച്ചെടുത്തത്. യൂറോപ്പിലും ദക്ഷിണപൂർവേഷ്യയിലും വ്യാപകമായി ഉപയോഗിക്കുന്ന മെത്താംഫിറ്റമിൻ ഗുളികയിൽ ചേർക്കുന്നതിനാണ് സ്യൂദോഎഫഡ്രൈൻ കൂടുതലായി ഉപയോഗിക്കുന്നതെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥൻ പറഞ്ഞു.
സെക്ടർ പി 4-ലെ വീട്ടിൽ താമസിച്ചിരുന്ന വിദേശികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നില്ലെന്ന് നോയ്ഡ പോലീസ് സീനിയർ സുപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. വാടകയ്ക്ക് താമസിക്കുന്ന വിദേശികളുടെ വിവരങ്ങൾ ലോക്കൽ ഇന്റലിജൻസ് യൂണിറ്റ് ശേഖരിക്കണമെന്നാണ് നിയമം. ഇതിൽ വീഴ്ചവരുത്തിയവർക്കെതിരേ നടപടിയുണ്ടാകുമെന്ന് വൈഭവ് കൃഷ്ണ പറഞ്ഞു. ഐ.പി.എസ്. ഓഫീസറുടെ വീട് വിദേശികൾക്ക് എങ്ങനെ വാടകയ്ക്കു ലഭിച്ചെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്നു പോലീസ് വൃത്തങ്ങൾ പറഞ്ഞു.
https://www.facebook.com/Malayalivartha