പശ്ചിമബംഗാളിലെ വോട്ടെടുപ്പിനിടെ വ്യാപക അക്രമം; തൃണമൂൽ പ്രവർത്തകനും ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടു; ബിജെപി സ്ഥാനാര്‍ഥിക്കുനേരെ രണ്ട് തവണ ആക്രമണം

വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക അക്രമം. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെയും മരിച്ച നിലയിൽ കണ്ടെത്തി.മേദിനിപ്പൂരിലെ കാന്തിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജാർഗ്രാമിൽ ബിജെപി പ്രവർത്തകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമില്‍ രമിണ്‍ സിംഗ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. എന്നാൽ തൃണമൂല്‍ കോണ്‍ഗ്രസാണ് രമിണ്‍ സിംഗിന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ആരോപണം തൃണമൂല്‍ നിഷേധിച്ചു.
കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഘാട്ടിലിൽ ബി.ജെ.പി സ്ഥാനാർഥി ഭാരതി ഘോഷിനെതിരെ പോളിങ് സ്റ്റേഷനിൽ പ്രതിഷേധം അരങ്ങേറി. ഘോഷിൻെറ വാഹനങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്തു. പോളിങ് ഏജൻറുമൊത്ത് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ച ഭാരതി ഘോഷിനെ തൃണമൂൽ കോൺഗ്രസ് വനിതാ പ്രവർത്തകർ പുറത്താക്കുകയായിരുന്നു. കരഞ്ഞു കൊണ്ടാണ് അവർ ബൂത്ത് വിട്ടത്.
റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തി ലാത്തിച്ചാര്‍ജ് നടത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. മുമ്പ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തയായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ഭാരതി ഘോഷ്. ക്ഷേത്രത്തില്‍ അഭയം തേടേണ്ടിവന്ന അവരെ പോലീസ് പിന്നീട് കേശ്പുര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അതിനുശേഷം പ്രദേശത്ത് വച്ചുതന്നെ അവരുടെ വാഹനവ്യൂഹത്തിനുനേരെ വീണ്ടും ആക്രമണമുണ്ടായി. വാഹനത്തിലേക്ക് ചുടുകട്ട എറിഞ്ഞതിനെത്തുടര്‍ന്ന് സുരക്ഷാ ഗാര്‍ഡിന് പരിക്കേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ജാര്‍ഗ്രാമടക്കം എട്ട് മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന്‍റെ മുന്‍ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ ബിജെപി - തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. മിഡ്‌നാപുര്‍ മണ്ഡലത്തലടക്കം പലസ്ഥലത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ് നിരവധി ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചികിത്സയിലാണ്. ബിജെപി സ്ഥാനാര്‍ഥിക്കുനേരെ രണ്ട് തവണ ആക്രമണം ഉണ്ടായതിനെക്കുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha