ഗുവാഹത്തിയിലെ ഷോപ്പിങ് മാളിന് സമീപ് ബോംബുപൊട്ടി 12 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഗുവാഹത്തി നഗരത്തിലെ ഷോപ്പിങ് മാളിന് സമീപം ബോംബുപൊട്ടി 12 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഗുവാഹതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുപേരില്‍ ഒരാള്‍ക്കാണ് സാരമായ പരിക്കേറ്റത്. ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ ബോംബെറിഞ്ഞശേഷം രക്ഷപ്പെട്ടതായി ഗുവാഹതി പൊലീസ് കമീഷണര്‍ ദീപക് കുമാര്‍ പറഞ്ഞു. ഉള്‍ഫ തീവ്രവാദി നേതാവ് പരേഷ് ബറുവ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഇക്കാര്യം അന്വേഷിച്ച ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് നിലപാട്. മൃഗശാലക്ക് എതിര്‍വശത്തെ ആര്‍.ജി ബറുവ റോഡിലെ ശ്രദ്ധാഞ്ജലി പാര്‍ക്കിനും ഷോപ്പിങ് മാളിനും സമീപമാണ് സംഭവം.
ഡി.ജി.പി കുലാധര്‍ സൈക്കിയ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വൈകുന്നേരങ്ങളില്‍ നൂറുകണക്കിനു പേരെത്തുന്ന സ്ഥലമാണിത്. പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി പിജുഷ് ഹസാരിക പറഞ്ഞു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷമാണ് മന്ത്രിയുടെ പ്രതികരണം. രണ്ടുപേര്‍ക്ക് കണ്ണിനാണ് പരിക്കേറ്റത്.
റോന്തുചുറ്റുകയായിരുന്ന രണ്ട് ജവാന്മാരും ഒരു കോളജ് വിദ്യാര്‍ഥിനിയും പരിക്കേറ്റവരിലുണ്ട്. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉത്തരവിട്ടു. ഉള്‍ഫ തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കിയതിന്റെ ഭാഗമായി നിരവധി റെയ്ഡുകള്‍ നടത്തി വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ജവാന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് നിഗമനം. ഇന്ന് ഗുവാഹത്തിയില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha