2014 ല്‍ വരവ് ഗംഗയുടെ മകനായി,2019 ല്‍ മടക്കം റഫേല്‍ ഏജന്റായി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നവജ്യോത് സിംഗ് സിദ്ദു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ക്രിക്കറ്ററും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു . 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഗംഗയുടെ മകനാണ് താന്‍ എന്ന് പറഞ്ഞായിരുന്നു മോദിയുടെ വരവെന്നും എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദിയുടെ മടക്കം റാഫേല്‍ ഏജന്റായിട്ടാണെന്നും സിദ്ദു പറഞ്ഞു. തുറന്ന സംവാദത്തിന് വീണ്ടും സിദ്ദു മോദിയെ വെല്ലു വിളിച്ചു.
സ്വയം അഴിമതി നടത്തിയിട്ടില്ലെന്നും അതിന് ആരേയും അനുവദിച്ചിട്ടില്ലെന്നുമുള്ള മോദി തന്നെ അവകാശപ്പെടാറുള്ള വിഷയത്തില്‍ സംവാദത്തിന് താന്‍ തയ്യാറാണെന്നും പരാജയപ്പെട്ടാല്‍ എന്നന്നേക്കുമായി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും പഞ്ചാബ് മന്ത്രിയും കൂടിയായ സിദ്ദു വെല്ലുവിളിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഏറ്റവും വലിയ കള്ളനാണ് മോദിയെന്നും സിദ്ദു പറഞ്ഞു. ഫേക്കു നമ്പര്‍ വണ്‍ എന്നായിരുന്നു അദ്ദേഹം മോദിയെ വിശേഷിപ്പിച്ചത്.
തിരഞ്ഞെടുപ്പ് വേളയില്‍ മോദി നല്‍കിയ 342 ഓളം വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ഇനി ഒരു തവണ കൂടി അധികാരത്തിലെത്തുമെന്ന് മോദി സ്വപ്നം കാണുക പോലും വേണ്ടെന്നും സിദ്ദു പറഞ്ഞു.
മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുള പോലെയാണെന്ന് നവജ്യോത് സിംഗ് സിദ്ദു പരിഹസിച്ചിരുന്നു. വാഗ്ദാനങ്ങള്‍ക്ക് മുള പോലെ വലിയ നീളമുണ്ട്. പക്ഷെ അവ പൊള്ളയാണ്. ബാങ്കുകളെ കബളിപ്പിക്കുന്ന കോര്‍പറേറ്റുകള്‍ പുറത്ത് വിലസുമ്പോള്‍ കാര്‍ഷിക കടം എടുത്ത കര്‍ഷകന്‍' ജയിലിലേക്ക് പോവുകയാണ്. കര്‍ഷകര്‍ വായ്പ്പയെടുക്കുമ്പോള്‍ ഒരു നിയമവും അംബാനിക്കും അദാനിക്കും മറ്റാരു നിയമവുമാണെന്നും സിദ്ദു കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നോട്ട് നിരോധനമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി. ഇതാണ് രാജ്യദ്രോഹം. നോട്ട് നിരോധനം തൊഴിലില്ലായ്മ രൂക്ഷമാക്കി. മോദി രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. ജിയോ അടക്കം ഉയര്‍ന്നുയര്‍ന്ന് വരുമ്പോള്‍ ബി.എസ്.എന്‍.എല്‍ പോലുള്ളവ അടച്ച് പൂട്ടാന്‍ പോവുന്നത് അതിന്റെ ഉദാഹരണമാണ്. ബിഎസ്എന്‍എല്‍ മാത്രം 31 % തൊഴിലവസരങ്ങള്‍ നിര്‍ത്തലാക്കി.
അഞ്ച് വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നിരവധിയാണ്. പത്ത് രൂപയുടെ പേന വാങ്ങിയാലും ബില്ല് വേണമെന്ന് പറയുന്നവര്‍ റഫാല്‍ ഇടപാടിലെ ബില്ല് പുറത്ത് വിടുന്നില്ല. ഉന്നയിച്ച ആരോപങ്ങളില്‍ തുറന്ന സംവാദത്തിന് താന്‍ ബിജെപിയെയും മോദിയെയും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയപ്പെട്ടാൽ തന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും നവജ്യോത് സിംഗ് സിദ്ദു വ്യക്തമാവുകിയിരുന്നു. കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് സാമ്പത്തികമായ വികസനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന ബിജെപിയുടെ ആരോപണത്തെയും സിദ്ദു തള്ളി. രാജ്യത്തിന് ആവശ്യമായ സൂചി മുതൽ വിമാനം വരെയുള്ള കാര്യങ്ങൾ ഈ 70 വര്‍ഷക്കാലയളവിലാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി കൂറുപുലർത്തുന്നവരെ ദേശീയവാദികളായും പാർട്ടി വിടുന്നവരെ ദേശവിരുദ്ധരുമായാണ് അവര്‍ കാണുന്നതെന്നും സിദ്ദു കുറ്റപ്പെടുത്തി. റഫാല്‍ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയത്തിനു വഴിവെയ്ക്കുമെന്നും നവജ്യോത് സിംഗ് സിദ്ദു കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha