ഗോഡ്‌സെയെ ഹിന്ദുതീവ്രവാദിയെന്ന് വിളിച്ചവര്‍ക്ക് തിരിച്ചടി കിട്ടും; കമൽഹാസന്റെ ഹിന്ദുതീവ്രവാദി പരാമർശത്തിൽ മറുപടിയുമായി പ്രഗ്യ സിങ് ടാക്കൂര്‍; പ്രഗ്യയുടെ നിലപാട് തള്ളി ബിജെപി നേതൃത്വം

ഗോഡ്‌സെയെ ഹിന്ദുതീവ്രവാദിയെന്ന് വിളിച്ചവര്‍ക്ക് തിരിച്ചടി കിട്ടുമെന്ന് പ്രഗ്യ സിങ് ടാക്കൂര്‍. ഗോഡ്‌സെയെ ആദ്യ ഹിന്ദുതീവ്രവാദിയെന്ന് വിശേഷിപ്പിച്ച മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന് മറുപടി നല്‍കുകയായിരുന്നു അവര്‍. ഗോഡ്‌സെ ദേശഭക്തനാണ്. അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. അദ്ദേഹത്തെ തീവ്രവാദി എന്നുവിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണം. അത്തരക്കാര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹിക്കുന്ന മറുപടി ഈ തിരഞ്ഞെടുപ്പില്‍ കിട്ടുമെന്നും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞു.
തന്റെ വിവാദ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കമല്‍ഹാസന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗോഡ്‌സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. താന്‍ ചരിത്രസത്യം മാത്രമാണ് പറഞ്ഞത്. ഹിന്ദു മതത്തെ വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളാണ് തെറ്റുകാരെന്നും കമല്‍ തിരുപ്പറംകുണ്ട്രം തോപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞു
ഹിന്ദു തീവ്രവാദത്തെക്കുറിച്ചുള്ള പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം രംഗത്തെതി. കമലിന്റെ പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഹിന്ദുവിരുദ്ധമായി ചിത്രീകരിച്ചെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. ഇതിനിടെ കമല്‍ഹാസനെതിരെ കേസെടുക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി.
മതങ്ങളുടെ സഹിഷ്ണുതയും വര്‍ഗീയചേരിതിരിവില്ലാത്ത സമൂഹനിര്‍മ്മിതിയും മുന്നില്‍ക്കണ്ട് നടത്തിയ പ്രസംഗത്തിലെ ഒരുഭാഗമാണ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിവാദമാക്കിയതെന്ന് മക്കള്‍ നീതി മയ്യം വിശദീകരിച്ചു. ഏത് മതവിഭാഗത്തില്‍ നിന്നുള്ള തീവ്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതും ചെറുത്ത് തോല്‍പ്പിക്കേണ്ടതുമാണ് എന്ന സന്ദേശമാണ് പ്രസംഗത്തിലുടനീളം പാര്‍ട്ടി അധ്യക്ഷന്‍ നല്‍കിയത്. അതില്‍ നിന്ന് ഒരുഭാഗം മാത്രമെടുത്ത് പെരുപ്പിച്ചുകാട്ടി ഹിന്ദുവിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
അധികാരപരിധിയില്‍ പെടാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമലിനെതിരെ കേസെടുക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയത്. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും കോടതി വ്യക്തമാക്കയിരുന്നു. കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. സമാനമായ പരാതിയില്‍ കമല്‍ഹാസനെതിരെ തമിഴ്‌നാട് ആല്‍വാക്കുറിച്ചി പൊലീസ് കേസെടുത്തിരുന്നു.
പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതോടെ വലതു പക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരുമായി ഒരു തുറന്ന പോരിനാണ് കമല്‍ ഹാസന്‍ വഴിതുറന്നിരിക്കുന്നത്. അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മക്കള്‍ നീതിമയ്യം സ്ഥാനാര്‍ത്ഥി എസ്. മോഹന്‍രാജിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു കമല്‍. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെയെന്നാണ്. മുസ്ലിങ്ങള്‍ നിരവധിയുള്ള സ്ഥലമായതുകൊണ്ടല്ല ഞാനിതു പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെയുള്ളതുകൊണ്ടാണ്. 1948ല്‍ നടന്ന കൊലപാതകത്തിന്റെ ഉത്തരം തേടിയാണ് ഇവിടെ വന്നത്. നല്ലൊരു ഇന്ത്യക്കാരന്‍ തുല്യതയാണ് ആഗ്രഹിക്കുന്നത്. ദേശീയ പതാകയില്‍ മൂന്ന് നിറങ്ങളും നിലനില്‍ക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചുപറയാന്‍ മടിയില്ല'- കമല്‍ഹാസന്‍ പറഞ്ഞു.മെയ് 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 4 നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് അരവാകുറിച്ചി.
നേരത്തെ മറ്റൊരു തെരഞ്ഞെടുപ്പ് റാലിയില്‍ തമിഴ്‌നാട്ടിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ഭരണപാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കുമെതിരെ ഒരു രാഷ്ട്രീയ വിപ്ലത്തിന്റെ വക്കിലാണ് തമിഴ്‌നാട് എന്നായിരുന്നു വിമര്‍ശനം. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ഈ ദ്രവീഡിയന്‍ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 നവംബറിലും 'ഹിന്ദു വിഘടനവാദം' എന്ന വാക്ക് ഉപയോഗിച്ച് കമല്‍ഹാസന്‍ വിവാദമുണ്ടാക്കിയിരുന്നു.
ഇതിനിടെ പ്രഗ്യയുടെ നിലപാട് തള്ളി ബിജെപി നേതൃത്വം രംഗത്തെത്തി . ബിജെപിയുടെ നിലപാടല്ല പ്രജ്ഞ പറഞ്ഞതെന്ന് പാര്‍ട്ടി വക്താവ് വി.വി.എല്‍. നരസിംഹ റാവു പറഞ്ഞു. പ്രജ്ഞയുടെ പ്രസ്താവനയെ പാര്‍ട്ടി അപലപിക്കുന്നതായും പ്രസ്താവന പിന്‍വലിച്ച് അവര്‍ മാപ്പു പറയാന്‍ തയാറാകണമെന്നും നരസിംഹ റാവു ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രജ്ഞാ സിംഗിനോട് വിശദീകരണം തേടിയതായും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha