ഹോംവര്‍ക്ക് ചെയ്യാതെ സ്കൂളില്‍ എത്തിയ ആറാം ക്ലാസുകാരിക്ക് അധ്യാപകന്‍ ശിക്ഷയായി നല്‍കിയത് 168 അടി; അധ്യാപകൻ അറസ്റ്റിൽ

ഹോംവര്‍ക്ക് ചെയ്യാതെ സ്കൂളില്‍ എത്തിയ ആറാം ക്ലാസുകാരിക്ക് അധ്യാപകന്‍ ശിക്ഷയായി നല്‍കിയത് 168 അടി. സഹപാഠികളായ 14 പെണ്‍കുട്ടികളെ ഉപയോഗിച്ച് ആറുദിവസം കൊണ്ടാണ് അധ്യാപകന്‍ ശിക്ഷ നടപ്പാക്കിയത്. മധ്യപ്രദേശിലെ ഝബുവയില്‍ ജവഹര്‍ നവോദയ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകനായ മനോജ് വര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസുഖത്തെ തുടര്‍ന്ന് ജനുവരി ഒന്നു മുതല്‍ പത്തുവരെ വിദ്യാത്ഥിനിക്ക് സ്കൂളില്‍ പോകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ജനുവരി 11ന് സ്കൂളില്‍ എത്തിയ കുട്ടി ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി മനോജ് വര്‍മ്മ ശിക്ഷിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് ശിവ പ്രതാപ് സിംഗ് സ്‌കൂള്‍ മാനേജ്മെന്റിന് പരാതി നല്‍കി.
മാനേജ്മെന്റിന് നടത്തിയ അന്വേഷണത്തില്‍ മനോജ് വര്‍മ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇയാളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ അധ്യാപകനെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ക്ഷീണിതയായ മകള്‍ സ്‌കൂളിലെ ശിക്ഷ കൂടി ഏറ്റുവാങ്ങിയതോടെ തീര്‍ത്തും അവശനിലയിലായെന്ന് പിതാവ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് അധ്യാപകന്‍ അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha