കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള തീരുമാനവുമായി രാഹുൽ ഗാന്ധി മുന്നോട്ട് വന്നത്. എന്നാൽ ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കുന്നതില്‍ രാഹുല്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞുവെന്ന് സ്റ്റാലിന്‍ പറഞ്ഞു.
പാര്‍ട്ടി അദ്ധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കാനുള്ള രാഹുിലിന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. ബി.ജെ.പിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണ് ഇതെന്നും കോണ്‍ഗ്രസിന് മാത്രമല്ല സംഘപരിവാറിതെിരെ പോരാടുന്ന എല്ലാ രാഷ്ട്രീയ സാമൂഹ്യ ശക്തികള്‍ക്കും ഇത് തിരിച്ചടിയാണെന്നും ലാലു പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷ പദവിയില്‍ വന്നാല്‍ തന്നെ അയാളെ ഒരു പാവയാക്കി വെച്ചിരിക്കുകയാണെന്ന ആരോപണം ഉയരും. എന്തിനാണ് അത്തരമൊരു ആരോപണം കൂടി പ്രതിപക്ഷത്തിന് ഉന്നയിക്കാനുള്ള അവസരം നല്‍കുന്നതെന്നും ലാലു പ്രസാദ് യാദവ് ചോദിച്ചു. മോദി സര്‍ക്കാരിന്റെ വിജയം പ്രതിപക്ഷം അംഗീകരിക്കണം. എവിടെയാണ് പിഴവ് വന്നതെന്ന് പ്രതിപക്ഷം ഒന്നടങ്കം ചര്‍ച്ച ചെയ്യണം. കൃത്യമായ തീരുമാനങ്ങളിലെത്തണം എന്നും ലാലു പ്രസാദ് പറഞ്ഞു.
അതേസമയം, രാജിവക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിൽക്കുകയാണ് രാഹുല്‍ ഗാന്ധി. തീരുമാനം പുന:പരിശോധിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയില്‍ സമ്മര്‍ദം തുടരുകയാണ്.
സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍നിന്നല്ലാതെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ആള്‍ വരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. അധ്യക്ഷ പദവി ഒഴിഞ്ഞാലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ താന്‍ സജീവമായി ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്ന് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഒരു മാസത്തെ സമയം അനുവദിക്കാമെന്നും അതുവരെ ആ പദവിയില്‍ ഇരിക്കാമെന്നുമാണ് രാഹുലിന്റെ നിലപാട്. പുതിയ അധ്യക്ഷനെ ഒരു മാസത്തിനുള്ളില്‍ കണ്ടെത്താനുള്ള നിര്‍ദേശം രാഹുല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്നലെ വസതിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. നേതാക്കളോട് സംസാരിക്കാന്‍ രാഹുല്‍ പ്രിയങ്കയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ രാഹുലിന്റെ നിലപാടില്‍ നേതാക്കള്‍ എല്ലാം അസ്വസ്ഥരാണെന്നും ഒരു തീരുമാനത്തിലെത്താന്‍ പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ദല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ഷീല ദീക്ഷിത് പറഞ്ഞിരുന്നു.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി പ്രദേശ് കോണ്‍ഗ്രസ് നേതാവ് വിജയ് ജത്യന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്കു പുറത്താണ് നാലുപേര്‍ നിരാഹാര സമരം തുടങ്ങിയത്. രാഹുല്‍ ഗാന്ധി രാജി തീരുമാനം പിന്‍വലിക്കുംവരെ നിരാഹാരം തുടരുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.
രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഒരു സീറ്റു പോലും നേടാനാകാതെ കോണ്‍ഗ്രസ്സ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ചണ്ഡിഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, ഡല്‍ഹി, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ്സിന് ഒരു സീറ്റു പോലുമില്ലാത്തത്. കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും അഭിമാനകരമെന്ന് ഉറച്ച് പറയാവുന്ന ഒരു വിജയം കോണ്‍ഗ്രസ്സിനുണ്ടായിട്ടില്ല. കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ്സിന് സീറ്റില്ല.
കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന് ആശ്വാസമേകിയത് പഞ്ചാബ് മാത്രമാണ്. ഇവിടെ ബിജെപി 2 സീറ്റ് മാത്രമാണ് നേടിയത്. കോണ്‍ഗ്രസ്സ് എട്ടും എഎപി ഒന്നും സീറ്റുകള്‍ നേടി. ആകെ 13 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. തമിഴ്നാടാണ് കോണ്‍ഗ്രസ്സിന് ആശ്വാസം നല്‍കിയ മറ്റൊരു സംസ്ഥാനം. ഇവിടെ 35 സീറ്റുകളില്‍ ഏഴെണ്ണം നേടാന്‍ കോണ്‍ഗ്രസ്സിനായി. ഡിഎംകെയുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ്സ് ഇവിടെ.
https://www.facebook.com/Malayalivartha
























