നിങ്ങളെ പോലെ ചെയ്യാൻ വളരെക്കുറച്ച് പേർക്ക് മാത്രമേ ധൈര്യമുണ്ടാകൂ; തീരുമാനത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ആദരവ്; രാഹുലിന് കട്ട സപ്പോർട്ടുമായി പ്രിയങ്ക

നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി വൈകിയതോടെയാണു ബുധനാഴ്ച അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ രാജിക്കാര്യം പരസ്യമാക്കിയത്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പിന്തുണയുമായി സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. 'നിങ്ങളെ പോലെ ചെയ്യാൻ വളരെക്കുറച്ച് പേർക്ക് മാത്രമേ ധൈര്യമുണ്ടാകൂ. തീരുമാനത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ആദരവ്' എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി തന്റെ രാജിക്കത്ത് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. താൻ നേരത്തെ തന്നെ രാജി സമർപ്പിച്ചതാണെന്നും നിലവിൽ പാർട്ടി അദ്ധ്യക്ഷനല്ലെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിവയ്ക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.നാലുപേജുള്ള രാജിക്കത്ത് പുറത്തുവിട്ടതിന് പിന്നാലെ എ.ഐ.സി.സി അദ്ധ്യക്ഷൻ എന്ന ബയോയും ട്വിറ്റർ അക്കൗണ്ടിൽ നിന്ന് അദ്ദേഹം ഒഴിവാക്കി. പകരം, കോൺഗ്രസ് അംഗമെന്നും പാർലമെന്റ് അംഗമെന്നും ചേർത്തു. അതേസമയം അദ്ധ്യക്ഷ സ്ഥാനത്ത് രാഹുൽ തന്നെ തുടരണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹം. രാഹുലിന്റെ രാജി എ.ഐ.സി.സി അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മനോഹരമായ ഈ രാജ്യത്തിന്റെ ജീവരക്തമായി മാറിയ, മൂല്യങ്ങളും ആശയങ്ങളുമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാനായതില്‍ അഭിമാനമുണ്ടെന്ന ആമുഖത്തോടെയാണു രാഹുലിന്റെ നാലുപേജുള്ള രാജിക്കത്തു തുടങ്ങുന്നത്. “ഞാന്‍ ഇനി പാര്‍ട്ടിയധ്യക്ഷനായി തുടരില്ല. ഇതിനോടകംതന്നെ രാജിവെച്ചു കഴിഞ്ഞതാണ്. ഉടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി വിളിച്ചുചേര്‍ത്തു പുതിയ പാര്‍ട്ടി അധ്യക്ഷനെ തീരുമാനിക്കണം’’ എന്ന് രാഹുൽ രാജിക്കത്തില്‍ പറഞ്ഞു.
“അടുത്ത പാര്‍ട്ടിയധ്യക്ഷനെ ഞാൻ നാമനിര്‍ദേശം ചെയ്യണമെന്ന് ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ കൈക്കൊള്ളാന്‍ ഒരുകൂട്ടം നേതാക്കളെ ചുമതലപ്പെടുത്തണമെന്നു ഞാന്‍ നിര്‍ദേശിച്ചു. അതിനു സര്‍വപിന്തുണയും വാഗ്ദാനം ചെയ്തു. 2019-ലെ തിരഞ്ഞെടുപ്പുതോല്‍വിയില്‍ പാര്‍ട്ടിയധ്യക്ഷനെന്ന നിലയില്‍ എനിക്കാണ് ഉത്തരവാദിത്വം. പാര്‍ട്ടിയുടെ പുനര്‍നിര്‍മാണത്തിനു കടുത്ത തീരുമാനങ്ങള്‍ വേണം. തിരഞ്ഞെടുപ്പുതോല്‍വിക്ക് ഒട്ടേറെപ്പേര്‍ക്ക് ഉത്തരവാദിത്വം നിശ്ചയിക്കണം. അധ്യക്ഷനെന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വം അവഗണിച്ചു മറ്റുള്ളവര്‍ക്കുമേല്‍ അതു ചുമത്തുന്നതു ശരിയല്ല -രാഹുല്‍ രാജിക്കത്തില്‍ വിവരിച്ചു.
അതേസമയം, ബി.ജെ.പി.ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നു രാഹുല്‍ കത്തിൽ ആവർത്തിക്കുന്നു. ഇന്ത്യയെന്ന ആശയത്തെ നിരസിക്കുന്നതാണ് അവരുടെ ആശയസംഹിത. നമ്മുടെ ഭരണഘടനയ്ക്കു മേലുള്ള കടന്നാക്രമണം രാജ്യത്തിന്റെ തനതുഘടനയെ തന്നെ ഇല്ലാതാക്കാനാണ്. അതുകൊണ്ടുതന്നെ പോരാട്ടത്തില്‍നിന്നു പിന്നോട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























