രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും; ഒരു മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ബജറ്റാണിത്

രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ഒരു മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ബജറ്റാണിത്. തൊഴിലില്ലായ്മ, വളര്‍ച്ച നിരക്കിലുണ്ടായിരിക്കുന്ന ഇടിവ് തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ക്കാണ് ബജറ്റിലൂടെ ധനമന്ത്രി പരിഹാരം കാണേണ്ടത്. ബജറ്റിലൂടെ ധനക്കമ്മി 3.4 ശതമാനത്തില്‍ നിന്ന് 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
മോദി സര്‍ക്കാരിന്റെ രണ്ടാം സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കുമ്പോള്‍ ഒപ്പം പുതുചരിത്രം കൂടിപിറക്കും. ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്നതിന് അപ്പുറം മുഴുവന്‍സമയ വനിതാധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് എന്ന റെക്കോര്‍ഡും നിര്‍മല സീതാരാമനായി കാത്തിരിക്കുന്നു. ജനപ്രിയപ്രഖ്യാപനങ്ങളിലൂടെയായിരുന്നു ഇന്ദിരയുടെ ബജറ്റ് കയ്യടി നേടിയത്, നിര്‍മലയുടെ ബജറ്റും കയ്യടി നേടുമോ എന്ന് നാളെയറിയാം.
1970 ഫെബ്രുവരി 28നാണ് ചരിത്രത്തിലാദ്യമായി ഒരു വനിത പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി രാജിവച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ധനകാര്യമന്ത്രാലയത്തിന്റെ അധികച്ചുമതല ഏറ്റെടുത്തതോടെ ആയിരുന്നു അത്. ഗ്രാമീണ–കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയ ബജറ്റ് സോഷ്യലിസ്റ്റ് സമീപനമുള്ളതായിരുന്നു.
48 വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം നാളെ ലോക്സഭയില്‍ പെണ്‍ശബ്ദം ബജറ്റ് വായിക്കും. കന്നിബജറ്റവതരണത്തിന് മുന്‍പ് നിര്‍മല സീതാരാമന്‍ നേരിടുന്ന ചോദ്യങ്ങള്‍ പലതാണ്. നികുതിദായകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിര്‍മലയുടെ ബജറ്റില്‍ പ്രതിഫലിക്കുമോ എന്ന് അറിയാനുള്ള ആകാംഷയിലാണ് എല്ലാവരും.
ബജറ്റിന്റെ ഔദ്യോഗിക അച്ചടി കഴിഞ്ഞ ശനിയാഴ്‌ച തുടങ്ങി. എല്ലാ വര്‍ഷത്തേയും പോലെ ഹല്‍വയുണ്ടാക്കുന്ന ചടങ്ങോടെയാണ് അച്ചടി തുടങ്ങിയത്. ഇങ്ങനെയുണ്ടാക്കുന്ന ഹല്‍വ ധനമന്ത്രാലയത്തിലെ എല്ലാ ജീവനക്കാര്‍ക്കും കൊടുത്ത് ആഘോഷിക്കും. ബജറ്റ് അച്ചടിയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്‌ഥരും ജീവനക്കാരും ബജറ്റ് അവതരിപ്പിച്ചു കഴിയുന്നതുവരെ ധനമന്ത്രാലയം വിട്ടു പുറത്തുപോകാനാകില്ല. ബജറ്റ് രേഖകള്‍ പുറത്താകാതിരിക്കാനാണിത്. രാജ്യത്തിന്റെ ആദ്യ ബജറ്റ് 1947 നവംബര്‍ 26ന് ധനമന്ത്രിയായിരുന്ന ആര്‍.കെ. ഷണ്‍മുഖം ചെട്ടിയാണ് അവതരിപ്പിച്ചത്. മൊറാജി ദേശായിയാണ് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്(10 എണ്ണം). പി. ചിദംബരം എട്ട് ബജറ്റുകള്‍ അവതരിപ്പിച്ചു. പ്രണബ് മുഖര്‍ജി, യശ്വന്ത് സിന്‍ഹ, വൈ.ബി. ചവാന്‍, സി.ഡി. ദേശ്‌മുഖ് തുടങ്ങിയവര്‍ ഏഴു ബജറ്റ് വീതം അവതരിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ജയ്‌റ്റ്‌ലി തുടങ്ങിയവര്‍ തുടര്‍ച്ചയായി അഞ്ചു ബജറ്റ് വീതം അവതരിപ്പിച്ചു.
1973- 74ല്‍ യശ്വവന്ത്‌റാവു ബി. ചവാന്‍ അവതരിപ്പിച്ച ബജറ്റ് കമ്മി കൂടിയതിനെ തുടര്‍ന്നു ബ്ലാക്ക് ബജറ്റ് എന്നാണ് അറിയപ്പെടുന്നത്. 550 കോടി രൂപയായിരുന്നു അന്നത്തെ കമ്മി. 1955 വരെ കേന്ദ്ര ബജറ്റ് ഇംഗ്ലീഷിലാണ് അവതരിപ്പിച്ചിരുന്നത്. 1955- 56 മുതല്‍ അച്ചടി ഇംഗ്ലീഷിനു പുറമേ ഹിന്ദിയിലും തുടങ്ങി.
രാജ്യത്ത് പുതിയ സാമ്പത്തിക പരിഷ്‌കാരം നടപ്പാക്കിയ 1991ലെ ഡോ. മന്‍മോഹന്‍ സിങ് അവതരിപ്പിച്ച ബജറ്റാണ് ഐതിഹാസിക ബജറ്റായി കണക്കാക്കുന്നത്. ഇറക്കുമതി- കയറ്റുമതി നയം, ലോകരാജ്യങ്ങളുമായി കൂടുതല്‍ വ്യാപാരബന്ധം എന്നിവയക്കു തുടക്കമായതും ഇതിനു ശേഷമാണ്. 2016 വരെ ലോക്‌സഭയില്‍ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനമാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ 2017 മുതല്‍ അവതരണം ഫെബ്രുവരി ഒന്നിനാക്കി. ബജറ്റ് പ്രഖ്യാപനങ്ങള്‍ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ നടപ്പാക്കുന്നതിനായാണു മാറ്റം കൊണ്ടുവന്നത്. 92 വര്‍ഷമായി വെവേറെയായി അവതരിപ്പിച്ചതിരുന്ന റെയില്‍വേ ബജറ്റ് 2017 മുതല്‍ കേന്ദ്ര ബജറ്റിനൊപ്പമാക്കി. ഇത്തവണത്തെ അവതരണത്തോടെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ പൂര്‍ണ സമയ വനിതാ ധനമന്ത്രിയാകും നിര്‍മലാ സീതാരാമന്‍. 1970- 71ല്‍ ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























