കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍

കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റിലായി. ഗുരുന്ദന്‍, പ്രക്ത്യ ഷെട്ടി, സുനില്‍ ഗൗഡ, കിഷന്‍, പ്രജ്വാള്‍ നായിക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം ഒരേ കോളജിലെ വിദ്യാര്‍ഥികളാണ്.
മൂന്നു മാസം മുമ്പാണ് പതിനെട്ടുകാരിയായ ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുനിലാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് അഞ്ചു പേരും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഇവര്‍ യുവതിയ ഭീഷണിപ്പെടുത്തി. പേടി കാരണം വിദ്യാര്‍ഥിനി സംഭവം വീട്ടിലോ പോലീസിലോ പറഞ്ഞിരുന്നില്ല.
ബുധനാഴ്ച, പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇതിന് ശേഷമാണ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
വീഡിയോ പ്രചരിക്കുന്നുവെന്ന് മനസിലായതിന് പിന്നാലെ ഐടി ആക്ട് പ്രകാരം പോലീസ് സ്വമേധയാ കേസെടുക്കുകയാണുണ്ടായത്. വീഡിയോ പ്രചരിക്കുന്നത് തടയാനായിരുന്നു കേസെടുത്തത്. ശേഷം ഇരയായ യുവതിയോട് മുന്നോട്ട് വരാനും പീഡനത്തിനെതിരെ പരാതി നല്‍കാനും പോലീസ് അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.
അഞ്ച് പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. ഇവരിലൊരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























