രാജ്യത്തെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ജനക്ഷേമ പദ്ധതികളുമായി ധനമന്ത്രി നിര്‍മലാസീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു

രാജ്യത്തെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ജനക്ഷേമ പദ്ധതികളുമായി ധനമന്ത്രി നിര്‍മലാസീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ദരിദ്രര്‍ അടക്കമുള്ള എല്ലാ വിഭാഗങ്ങള്‍ക്കും 2022 ഓടെ വീടും കുടിവെള്ളവും ഉറപ്പാക്കും എന്നതാണ് ഏറ്റവും പ്രധാന പ്രഖ്യാപനം. ഗ്രാമങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.95 കോടി വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കും. കുടിവെള്ളക്ഷാമം അതിരൂക്ഷമായ ഗ്രാമീണര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ പദ്ധതി. ഇതിനായി 50 ലക്ഷം കോടിയാണ് ചെലവാക്കുന്നത്. വൈദ്യുതിയും പാചകാതകവും എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പാക്കും. അങ്ങനെ ഗ്രാമീണ മേഖലയ്ക്ക് കൈത്താങ്ങാകുന്നതാണ് നിര്‍മലയുടെ നൈര്‍മല്യമുളള ബജറ്റ്. അതേസമയം സ്വകാര്യമേഖലയ്ക്കും വിദേശ നിക്ഷേപങ്ങള്‍ക്കും വലിയ ഊന്നലും നല്‍കിയിട്ടുണ്ട്. വ്യോമയാന, മാധ്യമ, ഇന്‍ഷുറന്‍സ് മേഖലകളില്‍ വിദേശനിക്ഷേപം പരിഗണിക്കുന്നുമുണ്ട്.
മത്സ്യമേഖലയുടെ മേഖലയുടെ ആധുനീകരണത്തിന് നൂതന പദ്ധതികള്‍ നടപ്പാക്കും. പ്രധാന്‍മന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമങ്ങളിലെ റോഡുകളുടെ നിര്‍മ്മാണവും നവീകരണവും കൂടുതല്‍ വിപുലീകരിക്കും. ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് മൂന്നാംഘട്ടത്തില്‍ നവീകരിക്കും. സ്വച്ഛ് ഭാരത്പദ്ധതി വിപുലീകരിക്കും. എല്ലാ വീടുകളിലും ശുചിത്വമുള്ള അടുക്കളയും വൈദ്യുതിയും ഉറപ്പാക്കും. ബാങ്ക് അക്കൗണ്ടിന് കെ വൈ സി നിബന്ധനകളില്‍ ഇളവ് വരുത്തും. ശൗചാലയം, ഗ്യാസ്, വൈദ്യുതി എന്നിവ എല്ലാ വീടുകളിലും ലഭ്യമാക്കും. എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രോല്‍സാഹിപ്പിക്കും. ഇതിലൂടെ 18, 341 കോടി രൂപയുടെ നേട്ടം ഉണ്ടാകും. വനിതാശാക്തീകരണത്തിന് ഓരോ സംയംസഹായ സംഘത്തിലെയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപാ വായ്പ. സ്വയം സഹായ സംഘങ്ങള്‍ക്കുള്ള പലിശ ഇളവ് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. ജലസ്രോതസ്സുകളുടെ പരിപാലനത്തിന് ജല്‍ സേവന്‍ മിഷന്‍ നടപ്പാക്കും. മുള, തേന്‍, ഖാദി മേഖലകളില്‍ 100 ക്ലസ്റ്ററുകള്‍. 50000 കരകൗശല വിദഗ്ധര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കൗശല്‍ വികാസ് യോജന പദ്ധതി വഴി ഒരു കോടി യുവാക്കള്‍ക്ക് പരിശീലനം. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ടി.വി ചാനല്‍. പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടിയുടെ മൂലധന സഹായവും പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി. ഒന്നരക്കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന് യോഗ്യതയുണ്ടാകും. നിലവിലെ വാടകനിയമം ഭൂരിപക്ഷം പേര്‍ക്കും ദുരിതമാണ് നല്‍കുന്നത്. അതിനാല്‍ മാതൃകാ വാടകനിയമം കൊണ്ടുവരും. സാമൂഹ്യ, സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. വിദേശ ഇന്ത്യാക്കാര്‍ക്ക് അധാര്‍ ഉറപ്പാക്കും. കിട്ടാക്കടം ഒരു ലക്ഷം കോടിയായി കുറഞ്ഞെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് സ്ത്രീ പങ്കാളിത്തം കൂട്ടും. സോളാര്‍ അടുപ്പുകള്‍ പ്രോല്‍സാഹിപ്പിക്കും. ഗ്രാമീണമേഖലയില്‍ ഖരമാലിന്യ സംവിധാനത്തിന് ഊന്നല്‍ നല്‍കും.
വൈദ്യുതി വിതരണത്തിന് എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. ഇതേ മോഡലില്‍ ജനഗ്രിഡും ഗ്യാസ് ഗ്രിഡും നടപ്പാക്കും. ഗാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്തും. റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍ വികസനത്തിന് പുതിയ മാതൃക കൊണ്ടുവരും. റെയില്‍വികസനത്തിന് വലിയ തുക മാറ്റിവയ്ക്കും. 2030 വരെ റെയില്‍വേയ്ക്ക് വേണ്ടി 50 ലക്ഷം കോടി ചെലവഴിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 400 കോടി പ്രഖ്യാപിച്ചു. ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും. വൈദ്യുതി വാഹനങ്ങള്‍ വ്യാപകമാക്കും.
https://www.facebook.com/Malayalivartha


























