കശ്മീരിലേക്ക് പോകല്ലേ... അവിടെ യുദ്ധമാണ്.. യുദ്ധം; കശ്മീരിലേക്ക് പോകുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ബ്രിട്ടനും ജര്‍മനിയും പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ലോകരാജ്യങ്ങള്‍

ജമ്മുകശ്മീരില്‍ ഇപ്പോള്‍ യുദ്ധ സസമാനമായ അന്തരീക്ഷമാണ്. എങ്ങും വമ്പന്‍ സുരക്ഷ. ജനങ്ങളെല്ലാം ഭയത്തിന്റെ മുള്‍മുനയില്‍. ഈ ഒരു സാഹചര്യത്തില്‍ ലോക രാജ്യങ്ങളും ഇന്ത്യയിലുള്ള അവരുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജമ്മു കശ്മീരിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലെ സുരക്ഷ ശക്തമാക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. ജര്‍മനിയും പൗരന്മാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ ജര്‍മന്‍ പൗരന്മാര്‍ക്ക് കശ്മീരിലേക്ക് പോകുന്നത് നിരുത്സാഹപ്പെടുത്തുന്നുവെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. നിലവില്‍ കശ്മീരിലുള്ളവര്‍ എത്രയുംവേഗം അവിടം വിടണമെന്നും ജര്‍മനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ അമര്‍നാഥ് യാത്ര നിര്‍ത്തിവെക്കുകയും തീര്‍ഥാടകര്‍ എത്രയുംവേഗം താഴ്വരയില്‍നിന്ന് മടങ്ങിപ്പോകണമെന്ന് കശ്മീര്‍ ഭരണകൂടം നിര്‍ദ്ദേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് യു.കെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപപ്പെടുവിച്ചത്. കശ്മീരിലെ പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകരുതെന്ന് ബ്രിട്ടന്‍ നേരത്തെതന്നെ പൗരന്മാരോട് നിര്‍ദ്ദേശിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണന്നും കശ്മരില്‍ ഉള്ളവര്‍ സുരക്ഷാ മര്‍ഗനിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പിന്തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് പോകരുതെന്നും ജമ്മു - ശ്രീനഗര്‍ ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാക്ക് ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ ആശങ്കാജനകമായതോടെ കശ്മീരിലെ തര്‍ക്ക മേഖലയില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വിനോദസഞ്ചാരികള്‍ക്കും അമര്‍നാഥ് തീര്‍ഥാടകര്‍ക്കുമായുള്ള സര്‍ക്കാര്‍ മുന്നറിയിപ്പ് വെള്ളിയാഴ്ചയാണു പുറത്തു വന്നത്. എന്നാല്‍ ശനിയാഴ്ചയോടെ കശ്മീരിലെ അയല്‍ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ കശ്മീര്‍ വിട്ടെന്നു വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട്. അമര്‍നാഥ് തീര്‍ഥാടന പാതയില്‍ പാക്ക് നിര്‍മിത കുഴിബോംബുകളടക്കം ആയുധങ്ങളും സ്ഫോടന വസ്തുക്കളും കണ്ടെടുത്തതിനെ തുടര്‍ന്നു തീര്‍ഥാടകരോടും വിനോദസഞ്ചാരികളോടും ഉടന്‍ കശ്മീര്‍ വിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണു പുതിയ സംഭവവികാസങ്ങള്‍. അമര്‍നാഥ് തീര്‍ഥാടകരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ ഏകദേശം 20,000ത്തോളം പേര്‍ താഴ്വര വിട്ടെന്നാണു റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി കശ്മീരില്‍ തൊഴിലെടുത്തിരുന്ന രണ്ടു ലക്ഷത്തിലേറെ പേരും പ്രദേശം വിടുകയാണ്. ഇതിനിടെ 60 വിദേശ ടൂറിസ്റ്റുകള്‍ ശനിയാഴ്ച കശ്മീരിലെത്തിയിരുന്നു. വിദേശ വിനോദസഞ്ചാരികള്‍ക്കു പ്രത്യേകമായി ജാഗ്രതാ നിര്‍ദേശം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണു ശനിയാഴ്ചയും വിദേശികള്‍ എത്തിയത്.
സുരക്ഷാ മുന്നറിയിപ്പിനു പിന്നാലെ പ്രദേശവാസികള്‍ അവശ്യവസ്തുക്കളും ധാന്യവും മറ്റും സംഭരിക്കുന്ന തിരക്കിലാണെന്ന് 'കശ്മീര്‍ ഒബ്സര്‍വര്‍' പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ആശങ്കാജനകമായതെന്തോ സംഭവിക്കാന്‍ പോകുന്നതു പോലെയാണു താഴ്വരയിലെ സ്ഥിതിവിശേഷങ്ങളെന്നും റിപ്പോര്‍ട്ടിലുണ്ട്. കശ്മീരില്‍ നിന്ന് എത്രയും പെട്ടെന്നു തിരികെ പോകാനായിരുന്നു ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ്. എന്നാല്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമൊന്നും കശ്മീരില്‍ ഇല്ലെന്ന് ബെംഗളൂരുവില്‍ നിന്ന് ശ്രീനഗറില്‍ വിനോദയാത്രയ്ക്കെത്തിയ പ്രഭാകര്‍ അയ്യര്‍ പറയുന്നു. ദാല്‍ തടാകത്തിലെ വഞ്ചിവീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുമ്പോള്‍ വെള്ളിയാഴ്ചയാണ് മുന്നറിയിപ്പ് വരുന്നത്. ശനിയാഴ്ച തന്നെ തിരികെ പോരേണ്ടി വന്നു. എല്ലാം സാധാരണ നിലയിലായിട്ടും എന്തു കൊണ്ടു തിരികെ പോരേണ്ടി വന്നു എന്നു മനസ്സിലാകുന്നില്ല പ്രഭാകര്‍ പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള തൊഴിലാളി മഞ്ജിത് സിങ്ങും കശ്മീര്‍ വിട്ടവരിലുണ്ട്. ഒന്‍പതു വര്‍ഷമായി താഴ്വരയിലുള്ള ഇദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: 'എനിക്കു ഭയമില്ല, പക്ഷേ സര്‍ക്കാര്‍ മുന്നറിയിപ്പ് ഇവിടെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. നാട്ടിലെ കുടുംബാംഗങ്ങളെയും അതു ഭയപ്പെടുത്തി. അതുകൊണ്ടാണ് ഇവിടം വിടുന്നത്. സ്ഥിഗതികള്‍ ശാന്തമാകുമ്പോള്‍ ഇനി തിരിച്ചു വരാം...' റോയിട്ടേഴ്സ് പ്രതിനിധിയോട് മഞ്ജിത് പറഞ്ഞു.
https://www.facebook.com/Malayalivartha























