കവര്‍ച്ച തടയാന്‍ ശ്രമിച്ച അമ്മയേയും മകളെയും കവര്‍ച്ചക്കാര്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നു

കവര്‍ച്ച തടയാന്‍ ശ്രമിച്ച അമ്മയേയും മകളെയും കവര്‍ച്ചക്കാര്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. ഡല്‍ഹിയില്‍നിന്നും രാജസ്ഥാനിലെ കോട്ടയിലേക്കുപോകുകയായിരുന്ന ഡല്‍ഹി ഷാദര സ്വദേശി മീണയും (55) മകള്‍ മനീഷയും (21) ആണ് കൊല്ലപ്പെട്ടത്.
നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയില്‍ അജ്ഹായി റെയില്‍വെ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം നടന്നത്. കോട്ടയില്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരീശിലന കേന്ദ്രത്തില്‍ പ്രവേശനം ലഭിച്ച മനീഷയുമായി ഇവിടേക്കുപോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മീണയുടെ മകന്‍ ആകാശും (23) ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പുലര്‍ച്ചെ ശബ്ദം കേട്ട് ഉണരുമ്പോള്‍ കവര്‍ച്ചക്കാര്‍ തന്റെ ബാഗുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതാണ് മീണ കണ്ടത്.
ഉടനെ ബാഗില്‍ കയറി മീണ പിടിച്ചു. ബഹളംകേട്ട് മകള്‍ മനീഷയും ഉണര്‍ന്ന് ബാഗിന്റെ വള്ളിയില്‍ പിടിച്ചുവലിച്ചു. പിടിവലിക്കിടെ മീണയേയും മനീഷയേയും കവര്‍ച്ചക്കാര്‍ സ്ലീപ്പര്‍ കോച്ചിന്റെ വാതിലില്‍വരെ എത്തിച്ചു. ഈ സമയവും ബാഗില്‍നിന്ന് പിടിവിടാതിരുന്ന ഇവരെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
മൊബൈല്‍ ഫോണ്‍, പണം, ചെക്ക് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. ആകാശ് ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് വൃന്ദാവന്‍ റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ നിര്‍ത്തി. ഇവിടെ ഇറങ്ങി ആകാശ് റെയില്‍വെ പോലീസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ പോലീസ് ആംബുലന്‍സില്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും മീണയേയും മനീഷയേയും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























