ഒന്നരവയസുള്ള പെൺകുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയത് പോലീസുകാരൻ; കഴുത്തൊപ്പം പ്രളയജലം, കുത്തൊഴുക്ക്... തുണികളും ബെഡ്ഷീറ്റും പ്ലാസ്റ്റിക് പാത്രത്തിൽ വിരിച്ച ശേഷം കുട്ടിയെ അതിനുള്ളിൽ കിടത്തി;പാത്രം തലയിലെടുത്ത് കഴുത്തൊപ്പം വെള്ളത്തിൽ നടന്നു... സമൂഹമാധ്യമങ്ങളിൽ താരമായി സബ് ഇൻസ്പെക്ടർ ഗോവിന്ദ് ചവദ

ഗുജറാത്തിലെ പ്രമുഖ നഗരമായ വഡോദരയിൽ ഏതാനും ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വഡോദര നഗരത്തിൽനിന്നും സമീപപ്രദേശങ്ങളി ൽനിന്നും 5,000 പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. വ്യാഴാഴ്ച രാവിലെ എട്ടുവരെ 24 മണിക്കൂറിനിടെ 499 മില്ലിമീറ്റർ മഴയാണു വഡോദരയിൽ ലഭിച്ചത്. വഡോദര വിമാനത്താവളം ബുധനാഴ്ച മുതൽ അടച്ചിട്ടിരിക്കുകയാണ്. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. പ്രളയജലത്തിൽ മുങ്ങിത്താഴ്ന്ന വഡോദരയിൽ പോലീസുകാരന്റെ രക്ഷാപ്രവർത്തനം ശ്രദ്ധേയമാകുന്നു. പിഞ്ചുകുഞ്ഞിനെ തലയിലേറ്റി കഴുത്തൊപ്പം വെള്ളത്തിലൂടെ ഒന്നരക്കിലോമീറ്ററോളം നടന്ന് സാഹസികമായി രക്ഷപെടുത്തുന്ന പോലീസുകാരനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം.
പോലീസ് സബ് ഇൻസ്പെക്ടർ ഗോവിന്ദ് ചവദയാണ് ഒന്നരവയസുള്ള പെൺകുഞ്ഞിനെ അതിസാഹസികമായി രക്ഷപെടുത്തിയത്. പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ കുട്ടിയെ തുണിയിൽ പൊതിഞ്ഞ് കിടത്തിയ ശേഷം തലയിൽ വച്ച് കഴുത്തൊപ്പം വെള്ളത്തിൽ നീന്തിയാണ് ഗോവിന്ദ മറുകര എത്തിയത്. വിശ്വാമിത്രി റെയിൽവെ സ്റ്റേഷനു സമീപം ദേവിപുരയിൽനിന്നാണ് കുട്ടിയെ രക്ഷിച്ചത്. വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വീട്ടിൽ അകപ്പെട്ടുപോയ അമ്മയ്ക്കും കുഞ്ഞിനും രക്ഷകനായി ഗോവിന്ദ അവതരിക്കുകയായിരുന്നു. താനും മറ്റ് പോലീസുകാരും രക്ഷാപ്രവർത്തനത്തിന് ദേവിപുരയിൽ എത്തിയപ്പോഴാണ് അമ്മയും കുഞ്ഞും വീടിനുള്ളിൽ പുറത്തിറങ്ങാനാവാതെ അകപ്പെട്ടവിവരം അറിയുന്നത്- ഗോവിന്ദ പറഞ്ഞു. റോഡിൽപോലും കഴുത്തൊപ്പം വെള്ളം ഉയർന്നതിനാൽ വടംകെട്ടിയാണ് ആളുകളെ ഉയർന്ന സ്ഥലത്തേക്ക് മാറ്റിയത്. എന്നാൽ കുട്ടിയുമായി ഈ വടത്തിൽ പിടിച്ച് യുവതിക്ക് വെള്ളത്തിലൂടെ നടക്കാൻ കഴിയില്ലായിരുന്നു. ശക്തമായ ഒഴുക്കും തടസമായി. കുഞ്ഞിനെ കൈയിൽ എടുത്ത് വെള്ളത്തിലൂടെ പോകാൻ കഴില്ലെന്ന് മനസിലായതോടെ പാത്രത്തിനുള്ളിൽ ഇരുത്തി കൊണ്ടുപോകാൻ തീരുമാനിച്ചു. തുണികളും ബെഡ്ഷീറ്റും പ്ലാസ്റ്റിക് പാത്രത്തിൽ വിരിച്ച ശേഷം കുട്ടിയെ അതിനുള്ളിൽ കിടത്തി. ഇതിനു ശേഷം പാത്രം തലയിലെടുത്ത് കഴുത്തൊപ്പം വെള്ളത്തിൽ നടന്നു. ഒന്നരക്കിലോമീറ്റർ നടന്നാണ് കുട്ടിയെ സുരക്ഷിത സ്ഥലത്തെത്തിച്ചത്. കുട്ടിയുടെ അമ്മയേയും രക്ഷപെടുത്തി ഇവിടെ എത്തിച്ചിരുന്നു- ഗോവിന്ദ പറഞ്ഞു.
https://www.facebook.com/Malayalivartha


























