ദൃശ്യം മോഡൽ മൃതദേഹം കുഴിച്ചിടൽ; പോലീസ് കുഴിച്ചെടുത്തത് പട്ടിക്കുട്ടിയുടെ ജഡം

മോഹൻ ലാൽ - ജിത്തു ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ദൃശ്യം സിനിമയെ ഓര്‍മിപ്പിക്കുന്നതാണ് ധാരാപുരത്ത് നടന്ന ഒരു കൊലപാതകവും ശവമടക്കലും. മാര്‍ച്ച് പകുതിയോടെ കാണാതായതായ മുത്തരശിയെന്ന ബിരുദ വിദ്യാര്‍ഥിനിയെ കൊന്നു കുഴിച്ചു മൂടി . എന്നാൽ വീടിന് പിറകില്‍ മൃതദേഹം കുഴിച്ചിട്ടിടത്ത് കുഴിച്ചപ്പോൾ കണ്ടെത്തിയത് പട്ടിക്കുട്ടിയുടെ ജഡം. ദിണ്ടിക്കല്‍ വേദസന്തൂരിനടുത്ത കേദംപട്ടിയിലെ വി. മുത്തരശിയെന്ന രണ്ടാവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ മാര്‍ച്ച് പകുതിയോടെ കാണാതായതോടെയാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. പെണ്‍കുട്ടിയെ കാണാതായ വിവരം പറഞ്ഞ് സഹോദരി തമിഴരശി ജൂണ്‍ അഞ്ചിന് പോലീസിൽ പരാതി നൽകി . മുത്തരശിക്ക് അത്തുകല്‍പാളയത്തെ കെ. ഭരത് എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഭരത്. ചേച്ചിയായ തമിഴരശി ഈ ബന്ധത്തിന് എതിരായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
മുത്തരശി ഭരതിനൊപ്പം ഒളിച്ചോടിയ അതേ ദിവസം ധാരാപുരത്തിനടുത്ത നല്ലത്തുങ്കലില്‍ ഇവര്‍ തമ്മില്‍ വാക്കു തർക്കം ഉണ്ടാകുകയും ചെയ്തു. ഭരതിന്റെ അടിയേറ്റ് മുത്തരശി മരിച്ചെന്നാണ് പോലീസ് ഭാഷ്യം. സംഭവം ഭരത് അമ്മയായ ലക്ഷ്മിയെ അറിയിച്ചു. അമ്മയുടെ നിർദേശ പ്രകാരം മൃതദേഹം അത്തുക്കല്‍പാളയത്തെ വീട്ടിലേക്ക് കൊണ്ടു വന്നു. മൃതദേഹം വീടിനു പിറകില്‍ കുഴിച്ചിട്ടു. ആഴ്ചകള്‍ക്ക് ശേഷം ഭരത് വീരച്ചിമംഗലം സ്വദേശിയായ യുവതിയെ വിവാഹം ചെയ്തു. വീടിനു പിറകില്‍ നിന്നു വന്ന രൂക്ഷഗന്ധത്തെപ്പറ്റി വധു പരാതിപ്പെട്ടതോടെ ഭരതിന്റെ അച്ഛന്‍ കനകരാജ് ദമ്പതിമാരെ വധൂ ഗൃഹത്തിലേക്ക് അയച്ചു. പെണ്‍കുട്ടിയെ കാണാതായ കേസിൽ എം.എല്‍.എ ഇടപെട്ടതോടെ അന്വേഷണം മുറുകി. ഭരതിനെ ചോദ്യം ചെയ്ത പോലീസ് മൃതദേഹം പുറത്തെടുക്കാന്‍ അത്തുക്കല്‍പാളയത്തെത്തിയപ്പോഴാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേ റിയത്. വീടിന് പിറകില്‍ മൃതദേഹം കുഴിച്ചിട്ടിടത്ത് കുഴിച്ചപ്പോഴാണ് പട്ടിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഇതോടെ വീണ്ടും വഴിത്തിരിവായി. കുഴിച്ചിട്ടിടത്തുനിന്ന് മുത്തരശിയുടെ മൃതദേഹം ഒരു ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം മാറ്റുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി കത്തിച്ചെന്നാണ് പറയുന്നത്. ജ്യോതിഷിയുടെ ഉപദേശപ്രകാരംതന്നെയാണ് പട്ടിക്കുട്ടിയുടെ ജഡം കുഴിച്ചിട്ടതും. ഭരതിന്റെ അച്ഛനെയും ജ്യോതിഷിയെയും അറസ്റ്റ് ചെയ്ത് ചോദ്യംചെയ്താലേ കേസില്‍ കൂടുതല്‍വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























