ഉന്നാവ് ബലാത്സംഗ കേസിലെ പ്രതി കുല്‍ദീപ് സിങ് മോദിക്കൊപ്പം പരസ്യത്തില്‍; സംഭവം വിവാദമാകുന്നു

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഉന്നാവ് ബലാത്സംഗ-കൊലപാതക കേസുകളില്‍ പ്രതിയായ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള പരസ്യത്തില്‍. സ്വാതന്ത്യദിന-രക്ഷാബന്ധന്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് ഒരു പ്രമുഖ ഹിന്ദി ദിന പത്രത്തിലാണ് ഫുള്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്. കുല്‍ദീപ് സിങിനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും പരസ്യത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. സംഭവം വിവാദമാകുകയാണ്.
പ്രാദേശിക ബിജെപി നേതാവും ഉന്നാവിലെ ഊഗു നഗര പഞ്ചായത്ത് അധ്യക്ഷനുമായ അനുജ് ദീക്ഷിതാണ് ബിജെപി നേതാക്കൾക്കൊപ്പം ബലാത്സംഗ കേസ് പ്രതിയായ കുല്‍ദീപ് സിങ് സെംഗാറും ഉൾപ്പെടുന്ന പരസ്യം നല്‍കിയിരിക്കുന്നത്. കുല്‍ദീപ് സിങ് ഞങ്ങളുടെ എംഎല്‍എയാണ്. എന്ത് കൊണ്ട് അദ്ദേഹത്തിന്റെ ചിത്രം പരസ്യത്തില്‍ വന്നുകൂടാ, അദ്ദേഹത്തെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നും അനൂജ് ദീക്ഷിത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.
അതേസമയം ഉന്നത നേതാക്കള്‍ക്കൊപ്പം കുല്‍ദീപ് സിങിന്റെ ചിത്രം പ്രസിദ്ധീകരിച്ചതില്‍ യാതൊരു രീതിയിലെയും തെറ്റു കാണുന്നില്ലെന്ന് ഉത്തര്‍പ്രദേശില്‍ ബിജെപി വക്താവ് രാകേഷ് ത്രിപാഠിയും വ്യക്തമാക്കി. എംഎല്‍എ കേസില്‍ പ്രതി മാത്രമാണ്. അദ്ദേഹം കുറ്റം ചെയ്‌തെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നാവ് ബലാത്സംഗ കേസിലും പരാതിക്കാരിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ കുല്‍ദീപ് സിങ് സെംഗര്‍ പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ട സംഭവത്തിലും പ്രതിയാണ്. കുല്‍ദീപിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ മാസം ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
എം.എല്‍.എയുടെ സഹോദരനും പൊലീസുകാരും ചേര്‍ന്ന് പരാതിക്കാരിയുടെ പിതാവിനെ അടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. കേസിലെ ദൃക്സാക്ഷിയായ യൂനുസ് ഖാന്‍ എന്നയാള്‍ മാസങ്ങള്‍ക്ക് ശേഷം ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇരയെയും പൊലീസ് വെറുതെ വിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 27 ന് യു.പി പൊലീസ് യുവതിക്കെതിരെ കള്ളയൊപ്പിട്ട് രേഖയുണ്ടാക്കിയെന്ന ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ യുവതിയുടെ മാതാവിനെയും മാതൃസഹോദരനെയും പ്രതി ചേര്‍ത്തിരുന്നു. ഒടുവില്‍ ദേശീയ തലത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ബി.ജെ.പി എം.എല്‍.എയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
മൂന്നു സഹോദരിമാരും ഒരു സഹോദരനുമുള്ള പെൺകുട്ടിയെ 2017 ജൂണ്‍ നാലിന് ഉന്നാവിലെ മാഖി ഗ്രാമത്തിലെ വസതിയില്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡിപ്പിച്ചെന്നാണ് കേസ്. മൂന്നു ദിവസത്തിന് ശേഷം വീണ്ടും കാറില്‍ കൂട്ടിക്കൊണ്ടുപോയി എംഎല്‍എയുടെ അടുത്ത അനുയായികളും പീഡിപ്പിച്ചെന്നും ആരോപിക്കപ്പെട്ടു.
റായ്ബറേലിയില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് പരാതിക്കാരിയായ പെണ്‍കുട്ടി ഇപ്പോഴും ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അപകടത്തില്‍ കേസിലെ സാക്ഷിയടക്കം പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളും കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് അഭിഭാഷകനും ചികിത്സയിലാണ്.
എംഎല്‍എയും കൂട്ടാളികളും നിരവധി തവണ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും അപകടം ഇവര്‍ ആസൂത്രണം ചെയ്തതാണെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബലാത്സംഗം കേസടക്കം ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha


























