കാശ്മീരിലെ സമാധാനം തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ നടക്കില്ലെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

കാശ്മീരിലെ സമാധാനം തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ നടക്കില്ലെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആഗസ്റ്റ് ആറ് മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് ഇന്ന് രാത്രി മുതല്‍ ഇളവ് വരും. ഇത് ഘട്ടം ഘട്ടമായാണ് നടപ്പാക്കുന്നത്. ഇന്ന് രാത്രി മുതല്‍ ടെലഫോണ്‍ നിയന്ത്രണം പിന്‍വലിക്കും. തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. നിയന്ത്രണം തുടങ്ങി ഇത്രയും ദിവസം പിന്നിട്ടിട്ടും ഒരു ജീവന്‍പോലും പൊലിഞ്ഞിട്ടില്ല എന്നത് വലിയ നേട്ടമാണെന്നും ചീഫ് സെക്രട്ടറി അവകാശപ്പെട്ടു. ലഷ്‌കര്‍ ഇ തൊയ്ബ അടക്കമുള്ള സംഘനകളുടെ ഭീഷണി സംസ്ഥാനത്ത് നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് എടുത്ത് മാറ്റാതെ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങി.
കരുതല്‍ തടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബാ മുഫ്തി എന്നിവരെ താമസിക്കാതെ മോചിപ്പിക്കും. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ച് വരുകയാണ്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മോചനം എന്നും ചീഫ് സെക്രട്ടറി പറഞ്ഞു. വിഘടനവാദികള്‍ ഉള്‍പ്പെടെ തടവിലുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനില സാധാരണഗതിയില്‍ ആകുന്ന മുറയ്ക്ക് അവരെയും മോചിപ്പിക്കും. സംസ്ഥാനത്ത് ആക്രമം നടത്താന്‍ ഭീകര സംഘടനകളായ ഹിസ്മുള്‍ മുജാഹിദ്ദീനും ലഷ്‌കറും ആവുന്ന പരിശ്രമിക്കുന്നുണ്ട്. വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയ ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ആവശ്യ സര്‍വ്വീസുകളും മരുന്ന്, ആഹാരം മറ്റ് സാധനങ്ങള്‍ എന്നിവയ്ക്ക് ക്ഷാമം ഉണ്ടായിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ന്യൂസ് ചാനലുകള്‍ സംപ്രേക്ഷണം തുടരുന്നുണ്ട്. പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 22 ജില്ലകളില്‍ 12ലും ജനജീവിതം സാധാരണ നിലയിലാണ്. അഞ്ച് ജില്ലകളില്‍ ചില നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതുഗതാഗത സംവിധാനം താമസിക്കാതെ സാധാരണനിലയിലാകും. 40,000 സുരക്ഷാ സേനയെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ലന്‍ഡ് ഫോണ്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ഈദ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. നിസ്‌ക്കാരത്തിന് ശേഷം അത് പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ ജനങ്ങളുടെ അഭിപ്രായം തേടാതെ സവിശേഷ അധികാരം എടുത്ത് കളഞ്ഞത് ശരിയായില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ബന്ധുക്കളും സുഹൃത്തുക്കളും എവിടെയാണെന്ന് പോലും പലര്‍ക്കും അറിയില്ല. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ബി.ബി.സിയും അല്‍ജസീറയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ തീവ്രവത്തെ തുടച്ച് നീക്കാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇന്നലെ സ്വാതന്ത്ര്യദിനമായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും കാശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























