ഓട്ടോ സവാരി ഓഫര്‍ ചെയ്തത് നിരസിച്ച വഴിയാത്രക്കാരിയുടെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈയിലെ മലാദില്‍ ഈ മാസം ഒന്നാം തീയതി രാത്രി വൈകി വീട്ടിലേക്ക് പോകുന്നതിന് ടാക്സി കാത്തിരുന്ന യുവതിക്കു മുന്നിലെത്തിയ ഓട്ടോഡ്രൈവര്‍ വാഹനത്തില്‍ കയറാന്‍ അവരെ ക്ഷണിച്ചു.
അവര്‍ ക്ഷണം നിരസിച്ചതോടെ ഡ്രൈവര്‍ പാന്റ്സിന്റെ സിബ് അഴിച്ച് സ്വയംഭോഗം ചെയ്ത് കാണിക്കാന്‍ തുടങ്ങി. യുവതി ഈ ദൃശ്യം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് അമ്മയെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുന്നതായി മനസ്സിലാക്കിയ ഡ്രൈവര്‍ 'കലാപ്രകടനം' മതിയാക്കി കടന്നുകളഞ്ഞു. പിന്നീട് യുവതി അമ്മയ്ക്കൊപ്പമെത്തി ബാനുഗര്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ന്യൂലിങ്ക് റോഡിലെ ചിന്‍ചോലി ബന്‍ഡര്‍ ബസ് സ്റ്റോപിലായിരുന്നു സംഭവം. യുവതിയൂടെ പരാതിയില്‍ 10 ദിവസം കഴിഞ്ഞാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്. മുഹമ്മദ് ഷകീല്‍ അബ്ദുള്‍ ഖാദര്‍ മേമന്‍ (32) എന്നയാളാണ് പിടിയിലായത്.
ഐ.പി.സി 509 പ്രകാരം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് ഇയാള്‍ക്കായി വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു. മലാദ്, മാല്‍വാനി, ഗൊരേഗണ്‍, ഗണപത് പട്ടീല്‍ നഗര്‍, ദഹിസാര്‍ എന്നിവിടങ്ങളിലെല്ലാം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും ആളെ കണ്ടെത്താനായില്ല. ബുധനാഴ്ച ഇയാള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ വന്ന് പെടുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിന് ഇയാളെ ബാനുഗര്‍ നഗര്‍ പോലീസിന് കൈമാറി.
പോലീസിന്റെ അന്വേഷണത്തിലാണ് ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരില്‍ തന്നെ കേസുകളുണ്ട്. പൊതുസമൂഹത്തിന് ശല്യം ചെയ്യുന്ന ആളെന്ന നിലയിലും കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
https://www.facebook.com/Malayalivartha