മോദിക്കു കത്തെഴുതിയ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കി

ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾക്കെതിരെ എടുത്ത രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കാൻ ബിഹാർ പൊലീസിന്റെ തീരുമാനിച്ചതിന് പിന്നാലെ, കശ്മീര്‍, ആള്‍ക്കൂട്ട കൊലപാതകം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി.
വര്‍ധയിലെ മഹാത്മാഗാന്ധി അന്തരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (എം.ജി.എ.എച്ച്.വി)യിലെ ആറ് വിദ്യാര്‍ത്ഥികളെയാണ് കോളേജില്‍ നിന്നും പുറത്താക്കിയത്. 49 പ്രമുഖ വ്യക്തികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ യൂണിവേഴ്‌സിറ്റിയില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി കൊണ്ടായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് കോളേജില്‍ നിന്നും പുറത്താക്കിയതായി അവര്‍ അറിയിച്ചത്.
ആള്‍ക്കൂട്ട കൊലപാതകം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുക, കശ്മീര്‍ വിഷയം, ബലാത്സംഗ കേസുകളില്‍ പ്രതികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് തങ്ങള്‍ നടത്തിയതെന്ന് കാണിച്ച് വാഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ തങ്ങളെ പുറത്താക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
എന്നാൽ ഭരണപരമായ പ്രക്രിയയില്‍ ഇടപെട്ടതിനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനുമാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത് എന്നാണ് എം.ജി.എ.എച്ച്.വി അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്.
എന്നാൽ മഹാത്മാഗാന്ധിയുടെ പേരില്‍ സ്ഥാപിതമായ സര്‍വ്വകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തെ എതിര്‍ത്തവരെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. പുറത്താക്കപ്പെട്ട ആറ് വിദ്യാര്‍ത്ഥികളും ദളിത്, ഒ.ബി.സി വിഭാഗത്തില്‍ പെട്ടവരാാണ്. വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് കത്തുകള്‍ എഴുതുമ്പോള്‍ സര്‍വകലാശാലാ ഭരണകൂടം വിലക്കിയിരുന്നു.
ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, ശ്യാം ബെനഗൽ, അപർണ സെൻ, മണിരത്‌നം ഗായിക ശുഭാ മുദ്ഗൽ, ചരിത്രകാരൻ രാംചന്ദ്ര ഗുഹ, സാമൂഹ്യശാസ്ത്രജ്ഞൻ ആശിഷ് നൻഡി, അനുരാഗ് കശ്യപ്, കങ്കണാ സെന്‍ ശര്‍മ, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍, രൂപം ഇസ്‌ലാം, അനുപം റോയ്, ഋദി സെന്‍ എന്നിവരടക്കം 49 പേർക്കെതിരെയാണു മുസഫർപുർ സദർ പൊലീസ് സ്റ്റേഷനിൽ രാജ്യദ്രോഹക്കുറ്റം അടക്കം വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തത്.പിന്നാലെ രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കാൻ ബിഹാർ പൊലീസിന്റെ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















