പാക്കിസ്ഥാന് കനത്ത തിരിച്ചടി; സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന് തിരിച്ചടി, ഡാര്‍ക്‌ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

പാക്കിസ്ഥാന് കനത്ത തിരിച്ചടി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന് തിരിച്ചടി, ഡാര്‍ക്‌ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്ഥാനെ ഡാര്‍ക്‌ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
എഫ്.എ.ടി.എഫ് നിര്‍ദ്ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സമയബദ്ധിതമായി നടപ്പാക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് സംഘടന നീങ്ങുന്നത്. ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നതിന് എഫ്.എ.ടി.എഫ് 2018 ജൂണില്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് ഭീകരര്‍ക്ക് സാമ്പത്തിക സഹായം തടയാന്‍ 27 ഇന ആക്ഷന്‍ പ്ലാന്‍ നിര്‍ദ്ദേശിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കിയില്ലെങ്കില്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഡാര്‍ക്ക്‌ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം ഈ മാസം 18ന് സ്വീകരിക്കുമെന്നാണ് സൂചന. പാകിസ്ഥാന് നല്‍കുന്ന അവസാന മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് ഡാര്‍ക്‌ഗ്രേ ലിസ്റ്റിള്‍ ഉള്‍പ്പെടുത്തുന്നത്. ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരു അവസരം കൂടി എഫ്.എ.ടി.എഫ് പാകിസ്ഥാന് നല്‍കും. അതേസമയം, സാമ്പത്തിക പ്രതിസന്ധിയില്‍ പതറി നില്‍ക്കുന്ന പാകിസ്ഥാന് അന്താരാഷ്ട്ര വായ്പകള്‍ അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാന്‍ ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ക്ലീന്‍ ചിറ്റ് അത്യാവശ്യമാണ്.കഴിഞ്ഞ ആഗസ്റ്റില്‍ ബാങ്കോക്കില്‍ നടന്ന ടാസ്‌ക് ഫോഴ്‌സിന്റെ ഏഷ്യ പസഫിക് ജോയിന്റ് ഗ്രൂപ്പിന്റെ യോഗം, ആക്ഷന്‍ പ്ലാനിലെ 27 നിര്‍ദ്ദേശങ്ങളില്‍ ആറെണ്ണം മാത്രമാണ് പാകിസ്ഥാന്‍ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ടാസ്‌ക് ഫോഴ്‌സിന്റെ 40 സാങ്കേതിക മാനദണ്ഡങ്ങളില്‍ 30എണ്ണവും പാകിസ്ഥാന്‍ നടപ്പാക്കിയിട്ടില്ലെന്നും ഒന്നുമാത്രമാണ് പൂര്‍ണമായി നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍, പാകിസ്ഥാന്റെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് കമ്മിഷന്‍ എന്നിവയ്ക്ക് ഭീകരര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെപ്പറ്റി വ്യക്തമായ ധാരണയില്ലെന്നുമാണ് അന്താരാഷ്ട്ര കൂട്ടായ്മ വിലയിരുത്തുന്നത്. ഭീകരരുടെ സാമ്പത്തിക സ്രോതസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തപക്ഷം പാകിസ്ഥാന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് എഫ്.എ.ടി.എഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha






















