പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ‘കശ്മീരി കി ബേട്ടി’ റാബി പിര്‍സാദ. മോദിയെ ഹിറ്റ്‌ലര്‍ എന്നു സംബോധന ചെയ്താണ് ട്വിറ്ററിലൂടെ പോപ്പ് ഗായിക തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. മനുഷ്യബോംബാകുന്നതിന്റെ സ്വന്തം ചിത്രവും റാബി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചാവേര്‍ ആക്രമണം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് പാക് പോപ്പ് ഗായിക റാബി പിര്‍സാദ. മോദിയെ ഹിറ്റ്‌ലര്‍ എന്നു സംബോധന ചെയ്താണ് ട്വിറ്ററിലൂടെ റാബി പിര്‍സാദ തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. മനുഷ്യബോംബാകുന്നതിന്റെ സ്വന്തം ചിത്രവും റാബി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
‘കശ്മീരി കി ബേട്ടി’ എന്ന ഹാഷ് ടാഗും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. റാബിയുടെ ട്വീറ്റിനു സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ചിലര്‍ പരിഹസിച്ചു തള്ളിയപ്പോള്‍ ചിലര്‍ ചിത്രത്തെ ട്രോളാക്കി മാറ്റി രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ദേശീയ വസ്ത്രത്തില്‍ നിങ്ങള്‍ സുന്ദരിയായിരിക്കുന്നെന്നാണ് ചിലരുടെ കമന്റുകള്‍. ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനൊപ്പമാണ് എന്നതാണ് റാബി ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അഭിപ്രായങ്ങളുയര്‍ന്നു.
ചാവേര്‍ ബെല്‍റ്റ് പാക്കിസ്ഥാന്റെ ദേശീയ വസ്ത്രമായി പ്രഖ്യാപിക്കണമെന്നും ചിലര്‍ പരിഹസിച്ചു. ട്വിറ്ററില്‍ റാബിയുടെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട് . സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ഈ രീതിയില്‍ മോശമായി ഉപയോഗിക്കുന്നതിനെതിരെ റാബി പിര്‍സാദയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. ഇത്തരം അഭിപ്രായങ്ങളിലൂടെ രാജ്യത്തിനു തന്നെ കളങ്കമുണ്ടാക്കാനാണ് റാബി പിര്‍സാദ ശ്രമിച്ചതെന്ന അഭിപ്രായവുമായി പാകിസ്ഥാന്‍ ട്വിറ്റര്‍ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. മോദിയ്ക്ക് അടുത്ത് എത്തുന്നതിനു മുന്‍പ് ഒരു ട്രയല്‍ നടത്തി ഒന്നു പൊട്ടിത്തെറിക്കാമോ എന്ന രീതിയിലുള്ള ട്രോളുകളും കുറവല്ല
അതേസമയം ആദ്യമായല്ല റാബി മോദിക്കെതിരേയും ഇന്ത്യയ്ക്കെതിരേയും രംഗത്തുവരുന്നത്. സെപ്തംബറില്‍ പാമ്പുകള്‍ക്കും മുതലകള്‍ക്കും നടുവിലിരുന്ന് മോഡിയെ വെല്ലുവിളിക്കുന്ന വിഡിയോ റാബി പോസ്റ്റ് ചെയ്തിരുന്നു. നരേന്ദ്രമോദിയെ കൊല്ലാനായി വിഷപാമ്പുകളെ ഇന്ത്യയിലേക്കയക്കുമെന്ന് റാബി പിര്‍സാദ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വന്യജീവികളെ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചതിന് പാകിസ്ഥാന്‍ വനംവകുപ്പ് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ചാവേറാക്രമണ ഭീഷണിയുടെ മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
നാലു പെരുമ്പാമ്പുകളെയും വിഷസർപ്പങ്ങളെയും പ്രത്യേക സമ്മാനമായി നരേന്ദ്രമോദിക്ക് നൽകുമെന്നായിരുന്നു
സെപ്തംബറില്‍ റാബി വീഡിയോയിലൂടെ പറഞ്ഞത്. 'എന്‍റെയും കശ്മീരിൽനിന്നുള്ള ഒരു യുവതിയുടെയും വകയായി പെരുമ്പാമ്പും വിഷപാമ്പുകളുമാണ് ഇന്ത്യയ്ക്കുവേണ്ടിയുള്ള സമ്മാനം. പ്രത്യേകിച്ചും നരേന്ദ്ര മോദിക്കുവേണ്ടിയുള്ള സമ്മാനം. മരിച്ച് നരകത്തിൽ എത്തുമ്പോൾ നിങ്ങളെ കാത്ത് ഞാനും എന്‍റെ സുഹൃത്തുക്കളും(പാമ്പുകളും പെരുമ്പാമ്പുകളും) അവിടെയുണ്ടാകും'- റാബി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു
ലാഹോര്‍ സ്വദേശിയായ റാബിയുടെ ഇത്തരം പോസ്റ്റുകൾ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകരുന്നതിന് കാരണമാകുമെന്നാണ് പാകിസ്ഥാനിൽനിന്നുള്ളവരുടെ പ്രധാന വിമർശനം. പ്രതിഷേധം ശക്തമായതോടെ റാബി ട്വീറ്റ് പിന്‍വലിച്ചു
https://www.facebook.com/Malayalivartha