ചന്ദ്രബാബു ഗാരു, നിങ്ങളുടെ മക്കളും കൊച്ചുമക്കളും സ്കൂളില്‍ ഏതു മീഡിയത്തിലാണ് പഠിച്ചത്;ആന്ധ്രാ പ്രദേശില്‍ കടുത്ത നിലപാടുകളുമായി ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍
ആന്ധ്രാ പ്രദേശില്‍ കടുത്ത നിലപാടുകളുമായി മുന്നോട്ടു പോവുകയാണ് ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചടുക്കുന്ന തീരുമാനത്തിനു പിന്നാലെ സര്‍ക്കാര്‍ കൈക്കൊണ്ട മറ്റൊരു തീരുമാനത്തെയും പ്രതിപക്ഷം വിമര്‍ശിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളും ഇംഗ്ലിഷ് മീഡിയമാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ചാണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. ഇതിന് ജഗന് നല്കിയ മറുപടി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്.
ചന്ദ്രബാബു ഗാരു, നിങ്ങളുടെ മക്കളും കൊച്ചുമക്കളും സ്കൂളില്‍ ഏതു മീഡിയത്തിലാണ് പഠിച്ചത്?' സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനോടും ജനസേന പാര്‍ട്ടി അധ്യക്ഷന്‍ പവന് കല്യാണിനോടും ജഗന് മോഹന്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു. ഇന്നത്തെ ലോകത്തില്‍ മുന്നേറണമെങ്കില്‍ ഇംഗ്ലിഷ് അത്യാവശ്യമാണ്. ഇക്കാരണത്താലാണ് കുട്ടികള്‍ ഇംഗ്ലിഷ് മീഡിയത്തില്‍ പഠിക്കണമെന്ന തീരുമാനം ഞാനെടുത്തതെന്നും ജഗന് വ്യക്തമാക്കി. തിരുമാനത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനം ഗൂഢാലോചനയാണെന്നും ഭാഷാ സംസ്കാരം സംരക്ഷിക്കേണ്ടതുണ്ടെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മി നാരായണ പറഞ്ഞു. സര്‍ക്കാര്‍, വിദ്യാര്‍ഥികളില്‍ ഭാഷ അടിച്ചേല്‍പ്പിക്കരുത്, അവരെ തിരഞ്ഞെടുക്കാന്‍ അനുവദിക്കണം. തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഒന്നു മുതല്‍ ആറു വരെ ക്ലാസില്‍ പഠനമാധ്യമം ഇംഗ്ലിഷാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തെലുങ്കും ഉറുദുവും എല്ലാ സ്കൂളുകളിലും നിര്‍ബന്ധിത പാഠ്യഭാഷകളായിരിക്കും. 33 ശതമാനമുള്ള ആന്ധ്രയിലെ സാക്ഷരതാ നിരക്ക് ഉയര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
https://www.facebook.com/Malayalivartha