രാജ്യസഭാ മാര്‍ഷല്‍മാരുടെ വേഷത്തിലുണ്ടായ മാറ്റത്തിനെതിരേ ഉയര്‍ത്തിയ വിമര്‍ശനം ഫലം കണ്ടു; സൈനിക തൊപ്പി നീക്കി
രാജ്യസഭ മാര്‍ഷല്‍മാരുടെ വേഷത്തില്‍ ഈ ആഴ്ച ഉണ്ടായ മാറ്റത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനവും പ്രതിഷേധവും ഫലം കണ്ടു. മാര്‍ഷല്‍മാര്‍ക്ക് നല്‍കിയിരുന്ന സൈനികര്‍ക്ക് സമാനമായ തൊപ്പി മാറ്റി.
സൈനികര്‍ക്ക് സമാനമായ തൊപ്പി യൂണിഫോമിന്റെ ഭാഗമായി നല്‍കിയതിനെ മുന്‍ സൈനിക മേധാവികള്‍ വിമര്‍ശിച്ചിരുന്നു. സൈനിക തൊപ്പി അനുവദിച്ചത് തികച്ചും നിയമവിരുദ്ധവും സുരക്ഷാ ഭീഷണി ഉളവാക്കുന്നതാണെന്നും മുന്‍ ജനല്‍ വേദ് പ്രകാശ് മാലിക്ക് ചൂണ്ടിക്കാട്ടിയിരുന്നു. യൂണിഫോം പരിഷ്കാരത്തെ കുറിച്ച് സഭയ്ക്കുള്ളിലും വിമര്‍ശനം ഉയര്‍ന്നതോടെ സൈനികരുടെ വികാരം മാനിക്കുമെന്നും പുനഃപരിശോധന നടത്തുമെന്നും സഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കിയിരുന്നു.
തൊപ്പി ധരിക്കാതെയാണ് മാര്‍ഷല്‍മാര്‍ വ്യാഴാഴ്ച സഭയിലെത്തിയത്. മാര്‍ഷല്‍മാര്‍ക്ക് തൊപ്പിയില്ലാത്ത കാര്യം ഒരംഗം ചൂണ്ടിക്കാട്ടിയപ്പോള്‍, സൈനിക പ്രതിഛായ തോന്നിക്കുന്ന ഒന്നും ഉണ്ടാവില്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും അതാണ് കാര്യമെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും നായിഡു മറുപടി നല്കി.
പതിറ്റാണ്ടുകളായി മാര്‍ഷല്‍മാര്‍ പിന്തുടര്ന്നുവന്നിരുന്ന ബന്ദ്ഗാല സ്യൂട്ടും ടര്‍ബനും മാറ്റിയാണ് സൈനിക സമാനമായ സ്യൂട്ടും തൊപ്പിയും കൊണ്ടുവന്നത്. പുതിയ യൂണിഫോമിന്റെ ഡിസൈന്‍ സഭയാണ് തീരുമാനിച്ചതെന്നും പുറത്തുള്ള മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നും സഭാ സെക്രട്ടേറിയറ്റും വ്യക്തമാക്കി.
https://www.facebook.com/Malayalivartha